കണ്ണൂർ: മാധ്യമങ്ങളെ ആക്രമിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. ചെകുത്താന്മാര് മാലാഖമാരെ ഉപദേശിക്കുന്നതു പോലെയാണു ചില മാധ്യമങ്ങള്‍ ഇടതുസര്‍ക്കാരിനെ ഉപദേശിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു നണിച്ചേരിക്കടവ് പാലം ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുപരിപാടിയാണെങ്കിലും രാഷ്ട്രീയപ്രസംഗമായിരുന്നു സുധാകരന്റേത്. സര്‍ക്കാര്‍ ചെയ്യുന്ന ഒരു നല്ല കാര്യവും കാണാതെ, പെരുപ്പിച്ചു കൂട്ടിയ കാര്യങ്ങളാണു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി എഴുന്നള്ളിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവരുടെ മുഖംമൂടി അഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുന്നൂറോളം രക്തസാക്ഷികളുടെ അമ്മമാര്‍ വിശ്വാസമര്‍പ്പിച്ച പ്രസ്ഥാനമാണിതെന്നും അതുകൊണ്ടുതന്നെ ഒരാളുടെ വിശ്വാസമില്ലായ്മയെക്കുറിച്ചു പറയുന്നതില്‍ കാര്യമില്ലെന്നും ജിഷ്ണു വിഷയത്തില്‍ മഹിജയുടെ പേരെടുത്തു പറയാതെ അദ്ദേഹം പറഞ്ഞു.
സോവ്യറ്റ് യൂണിയൻ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നെങ്കിലും കേരളത്തില്‍ അജയ്യമായി ഇതു നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നര ലക്ഷം കോടി രൂപയുടെ പശ്ചാത്തല വികസനമാണു കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നും അതില്‍ ഒരു ലക്ഷം കോടിയും മരാമത്ത് രംഗത്താണെന്നും സുധാകരന് പറഞ്ഞു.