തൃശൂർ: തകർന്നു കിടക്കുന്ന മണ്ണുത്തി-വടക്കഞ്ചേരി ആറുവരി പാതയുടെയും തുരങ്കത്തിന്റെയും നിർമാണം വൈകിക്കുന്നതിനെതിരെ ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർക്കും കരാർ കന്പനിക്കുമെതിരെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ രൂക്ഷ വിമർശനം. സ്ഥലം വിട്ടുകൊടുക്കാത്ത വനം വകുപ്പിനെയും മന്ത്രി വെറുതെ വിട്ടില്ല.
ആറുവരിപാതയുടെ തകർച്ചയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരെ “പൊരിച്ചത്’. കഴിഞ്ഞ വർഷവും ഈ വർഷവും ഇതിനകം തന്നെ ആറുവരിപാത വികസനവുമായി ബന്ധപ്പെട്ട് മൂന്നു യോഗങ്ങൾ വിളിച്ചിരുന്നു. ഇതു നാലാമത്തെ യോഗമാണ്.
അന്നൊക്കെ പറഞ്ഞ കാര്യങ്ങളിൽ ഒരെണ്ണം പോലും നടപ്പാക്കിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അന്ന് പറഞ്ഞതൊക്കെ ചെയ്തിരുന്നെങ്കിൽ ഈ പ്രതിസന്ധി വരില്ലായിരുന്നു. റോഡിന്റെ കേടുപാടെങ്കിലും തീർക്കണമെന്ന തീരുമാനം നടപ്പാക്കാമായിരുന്നു. അതും ചെയ്തില്ല.
ശരിക്ക് പണിതിരുന്നെങ്കിൽ 2018ൽ റോഡ് കമ്മീഷൻ ചെയ്യാമായിരുന്നു. ഉദ്യോഗസഥരുടെയും കരാർ കന്പനിയുടെയും നിരുത്തരവാദിത്വമാണ് ഇതിനെല്ലാം കാരണം. കൂടുതലൊന്നും പറയുന്നില്ലെന്നു പറഞ്ഞാണ് മന്ത്രി അവസാനിപ്പിച്ചത്. തൽക്കാലം കുഴിയടയ്ക്കുകയെങ്കിലും വേണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
ഇന്നു നടക്കുന്ന യോഗം പ്രഹസനമാണെന്നാണ് ചിലർ പറയുന്നത്. ഇന്നത്തെ യോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു യോഗത്തിൽ ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ മന്ത്രിയുടെ പ്രതികരണം. ഇതെന്തർഥത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല.
ഇത് കേന്ദ്രത്തിന്റെ വീഴ്ചയാണ്. സർക്കാരുകൾ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ഞങ്ങൾ സമരത്തിനിറങ്ങാതിരിക്കുന്നത്. അല്ലെങ്കിൽ ഞാനും യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രി സി.രവീന്ദ്രനാഥുമൊക്കെ സമരം ചെയ്യേണ്ടവരാണ്. കോണ്ട്രാക്ടർമാരെ സഹായിക്കാനാണ് യുഡിഎഫ് അനിശ്ചിതകാല സമരം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വനംവകുപ്പിനെയും മന്ത്രി വെറുതെ വിട്ടില്ല. ദേശീയപാത വികസനത്തിന് സ്വകാര്യ വ്യക്തികളുടെയും വനംവകുപ്പിന്റെയും ഭൂമിയാണ് കൂടുതൽ ഏറ്റെടുക്കേണ്ടി വന്നത്. ഇതിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു.
വനംവകുപ്പിന്റെ ഭൂമിയെന്താണ് വിട്ടുകൊടുക്കാത്തതെന്ന ചോദ്യത്തിന് അപേക്ഷ ലഭിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അപേക്ഷ കൊടുത്തെന്ന്് പറഞ്ഞപ്പോൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് അപേക്ഷ നൽകുന്നതെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ മറുപടി കേട്ടതോടെ മന്ത്രിക്ക് പിടിച്ചില്ല. ആർക്കും ഉത്തരവാദിത്വമില്ലാത്ത നിലപാട് ശരിയല്ലെന്ന് മന്ത്രി രൂക്ഷമായി തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞു.
റോഡ് പണി നടത്തിയില്ലെങ്കിൽ കരാർ കന്പനിക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പങ്കെടുക്കേണ്ട ദേശീയപാത പ്രോജക്ട് ഓഫീസർ എത്താതിരുന്നതിനെയും മന്ത്രി ചോദ്യം ചെയ്തു. മന്ത്രി സി.രവീന്ദ്രനാഥ്. പി.കെ.ബിജു എംപി, കെ.രാജൻ എംഎൽഎ, മേയർ രാജൻ പല്ലൻ, ജില്ലാ കളക്ടർ ടി.വി. അനുപമ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.
’