റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അവശേഷിക്കുന്ന പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗം അടുത്ത ഒരു വർഷത്തിനുള്ളിൽതന്നെ നിർമാണം പൂർത്തീകരിക്കുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടികൾ സ്വീകരിച്ചുവരുന്നതായി വകുപ്പുമന്ത്രി ജി. സുധാകരൻ നിയമസഭയിൽ രാജു ഏബ്രഹാം എംഎൽഎയെ അറിയിച്ചു. റോഡ് നിർമാണം സംബന്ധിച്ച് എംഎൽഎ നൽകിയ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഏപ്രിൽ 30 നാണ് നേരത്തേയുള്ള ലോകബാങ്ക് വായ്പാ കരാർ പ്രകാരം പദ്ധതി പൂർത്തീകരിക്കേണ്ടത്.
82 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ – പൊൻകുന്നം റോഡ് നിർമാണം ലോകബാങ്ക് കരാർ വ്യവസ്ഥ പ്രകാരം പിപിപി (പൊതു സ്വകാര്യ പങ്കാളിത്തത്തോടെ) ആയി നടപ്പിലാക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും ഉണ്ടാക്കുന്നതിനായി കെഎസ്ടിപിയെ സഹായിക്കുന്നതിന് ട്രാൻസാക്ഷൻ അഡ്വൈസറെയും നിയമിച്ചിരുന്നു.
എന്നാൽ ആദ്യം ഈ പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ കരാറുകാരിൽ നിന്നും മതിയായ പ്രതികരണം ലഭിച്ചില്ല. തുടർന്ന് പുനർ ദർഘാസ് ക്ഷണിച്ച് എട്ട് കരാറുകാരുടെ യോഗ്യതാ ലിസ്റ്റ് തയാറാക്കി ഇതിന് ലോകബാങ്കിന്റെ അംഗീകാരവും വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ നിർമാണത്തിന്റെ അടുത്ത ഘട്ടമായി യോഗ്യതാ ലിസ്റ്റിലെ കരാറുകാരിൽ നിന്നും നിരക്ക് ക്വോട്ട് ചെയ്ത ആർഎഫ്പി ഡോക്യുമെന്റ് വാങ്ങുന്നതിന് ലോകബാങ്ക് അനുമതി നൽകിയില്ല.
വായ്പാ കാലാവധിക്ക് മുന്പ് നിർമാണം തീർക്കാൻ സാധിക്കുകയില്ലെന്നതും പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള നിർമാണങ്ങൾ ഏറ്റെടുക്കുന്നതിൽ നിർക്ഷേപകർ താത്പര്യം കാണിക്കുന്നില്ലെന്നതുമാണ് ലോകബാങ്ക് കാരണമായി കാണിക്കുന്നത്. ആയതിനാൽ മറ്റ് നിർമാണ രീതികൾ അവലംബിച്ച് വായ്പാ കാലാവധിയായ 30നു മുന്പ് തീർക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ലോകബാങ്ക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് എൻജിനീയറിംഗ് പ്രോക്യുവർമെന്റ് കണ്സ്ട്രക്ഷൻസ് (ഇപിസി)അവലംബിച്ച് എൻജിനീയറിംഗ് ഡിസൈനുകളും ഡിപിആറും പുതുക്കി ലോകബാങ്കിനെയും കേന്ദ്ര സർക്കാരിനെയും നേരിൽകണ്ട് സംസ്ഥാനത്തിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറിയും കെഎസ്ടിപി പ്രോജക്ട് ഡയറക്ടറും ചെയ്തുകഴിഞ്ഞു. ഇതിന് ഉടൻതന്നെ ഒദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപിസി കരാർ പ്രകാരം പൊതുമരാമത്ത് വകുപ്പ് (കെഎസ്ടിപി) കൊടുക്കുന്ന വിശദവിവരങ്ങളുടേയും സ്റ്റാൻഡേർഡുകളുടെയും അടിസ്ഥാനത്തിൽ ഡിസൈനും ഡിപിആറും കരാറുകാരൻ തന്നെ ഉണ്ടാക്കി അംഗീകാരം വാങ്ങി കാലാവധിക്കുള്ളിൽ പ്രവൃത്തി ചെയ്തുതീർക്കണമെന്നാണ് വ്യവസ്ഥ.
ഇതിനുവേണ്ടിവരുന്ന തുക നിശ്ചിത ഗട്ടങ്ങളിലായി കരാറുകാരന് കൊടുത്തു തീർക്കും. 82 കിലോമീറ്റർ നീളമുള്ള റോഡ് 3 ഭാഗങ്ങളായി തിരിച്ച് നിർമ്മാണം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. 642 കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. ലോകബാങ്കിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഇക്കണോമിക്സ് അഫയേഴ്സിൽ നിന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ദർഘാസുകൾ ക്ഷണിച്ച് പ്രവൃത്തി തുടങ്ങുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സർക്കാർ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.