സ്വന്തം ലേഖകൻ
പുതിയ പ്രസിഡന്റ് എന്നനിലയിൽ കേരളത്തിലെ കോൺഗ്രസിനെ എങ്ങനെ നയിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ മനസ് തുറക്കുന്നു.
കോൺഗ്രസിനെ ഏതു രീതിയിൽ നയിക്കും?
പുതിയ നേതൃത്വം താഴെത്തട്ട് മുതൽ മുകളിൽ വരെ നടപ്പാക്കും. സെമി കേഡർ സ്വഭാവമുള്ള പാർട്ടിയായിരിക്കും ഇനി കോൺഗ്രസ്. ജനങ്ങളുമായി നല്ല ബന്ധം പ്രവർത്തകരിൽ ഉണ്ടാക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും.
അച്ചടക്കം നിലനിർത്തും. ഇതിനായി പുതിയ കമ്മിറ്റിക്ക് രൂപം നൽകും. മനസിൽ ഇനിയും പദ്ധതികളുണ്ട്. പുനഃസംഘടനയുടെ കാര്യം നേതാക്കളുമായി പങ്കുവച്ചിട്ടുണ്ട്. കുറേ പരിപാടികളും സ്വപ്നങ്ങളുമുണ്ട്.
ഡിസിസി പുനഃസംഘടന?
ഡിസിസി പുനഃസംഘടനയ്ക്ക് അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. താഴെത്തട്ടിലെ പ്രവർത്തകരുമായി ആലോചിച്ച് കഴിവുള്ളരെയും നല്ല പ്രവർത്തനം നടത്തുന്നവരെയുമാണ് മണ്ഡലം, ഡിസിസി ഭാരവാഹികളാക്കുക.
ഇതിൽ ഒരു ഗ്രൂപ്പ് നേതാവിന്റെയും ശിപാർശ സ്വീകരിക്കില്ല. കെപിസിസി പ്രസിഡന്റിനുപോലും ഭാരവാഹികളെ നിർദേശിക്കാൻ സാധിക്കില്ലെന്നർത്ഥം. താൻ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടില്ല, ഇനി ഗ്രൂപ്പ് ഉണ്ടാക്കുകയുമില്ല.
പാർട്ടി വിട്ടവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമോ?
കോൺഗ്രസ് വിട്ടവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കും. താത്പര്യമുള്ളവരുമായി ചർച്ച നടത്തും. പല കാര്യങ്ങളിലും ഹൈക്കമാൻഡ് നിർദേശം തന്നിട്ടുണ്ട്. അതൊക്കെ നടപ്പിലാക്കും.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിന്റെ അവിഭാജ്യഘടകമാണ്. അവരുമായി ആലോചിച്ചാകും കാര്യങ്ങൾ തീരുമാനിക്കുക.
സിപിഎമ്മുമായുള്ള സഹകരണം?
സിപിഎമ്മിലെ വ്യക്തികൾക്കെതിരേയല്ല തന്റെ പ്രതിഷേധം. അവരുടെ ചെയ്തികൾക്കെതിരേയാണ്. അതിന് സന്ധിചെയ്യാൻ തയാറല്ല.
പിണറായി വിജയനുമായും ജയരാജന്മാരുമായും വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. അവരുടെ ചെയ്തികൾക്കെതിരേ സന്ധി ചെയ്യാൻ തയാറാകില്ല.
മുഖ്യമന്ത്രി കണ്ടാൽ ചിരിക്കാറ് പോലുമില്ല. കമ്യൂണിസം നല്ല ആശയമാണ്. മനസുകൊണ്ട് അംഗീകരിക്കുന്നു. എന്നാൽ സിപിഎമ്മിന്റെ അക്രമങ്ങളും ജനവിരുദ്ധതയും തുറന്നു കാണിക്കും.
സാമുദായിക സംഘടനകൾ?
സാമുദായിക സംഘടനാ നേതാക്കളെ കണ്ടാൽ എന്താണ് കുഴപ്പം. എൽഡിഎഫ് സാമുദായിക സംഘടനകളെ ഗൗനിക്കാറില്ലെന്ന് പറയുന്നത് തെറ്റാണ്.
ചർച്ചിനെയും അന്പലങ്ങളെയും പള്ളികളെയും എതിർക്കുകയും മറുവശത്ത് അതിന്റെയൊക്കെ ആളാകാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് അവരുടെ സമീപനം. സാമുദായിക സംഘടനകളെ വിസ്മരിക്കുന്ന പാരന്പര്യം കോൺഗ്രസിനില്ല.
ടി.പി. കേസ് പ്രതി കുഞ്ഞനന്തന്റെ ചരമദിനം സിപിഎം ആചരിക്കുന്നുണ്ടല്ലോ?
കൊലക്കേസ് പ്രതികളുടെ ചരമദിനങ്ങൾ സിപിഎം ആചരിക്കുന്നത് പുതിയ കാര്യമല്ല. പിണറായി വിജയൻ തന്നെ ഒരു കൊലക്കേസിൽ പ്രതിയാണല്ലോ?
കൊലക്കേസിൽ പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രി ആകാമെങ്കിൽ കുഞ്ഞനന്തന്റെ ചരമവാർഷികവും സിപിഎം ആചരിക്കുന്നതിൽ അവർക്ക് എന്തു പ്രശ്നം.
പിണറായി വിജയനും നരേന്ദ്ര മോദിയും രണ്ടാംതവണ അധികാരത്തിൽ വന്നത് കിറ്റ് കൊടുത്തിട്ടല്ല, മറിച്ച് കോവിഡ് വന്നതുകൊണ്ടാണ്.
കുഴൽപ്പണ കേസിൽ ബിജെപിക്കെതിരേ കേസെടുത്തല്ലോ?
കൊടകര കുഴൽപ്പണക്കേസിൽ സിപിഎം എന്ത് നടപടിയെടുത്തു. യുഡിഎഫ് നിയമസഭയിൽ ചോദിച്ചില്ലേ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണിത്.
തെരഞ്ഞെടുപ്പ് സമയത്ത് അദാനി കണ്ണൂർ എയർപോർട്ടിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയത് മാന്പഴവുമായല്ല, പണവുമായാണ്.
സിപിഎമ്മിന് പണവുംകൊണ്ടാണ് അദാനി കണ്ണൂരിൽ എത്തിയത്. അദ്ദേഹത്തിന്റെ ലഗേജ് പരിശോധിക്കാതെ ഗ്രീൻ ചാനലിലൂടെ കടത്തിവിടുകയാണുണ്ടായത്. കുഴൽപ്പണ കേസും പിണറായിയുടെ ലാവ്ലിൻ കേസും തമ്മിൽ അവിഹിതബന്ധമുണ്ട്.
മുട്ടിൽ തടി മോഷണം?
വയനാട് മുട്ടിലിലെ മരക്കടത്തിനു പിന്നിൽ ഒരുപാട് വിഷയങ്ങളുണ്ട്. എത്രയോ കോടി രൂപയുടെ മരം മുറിച്ച് കടത്തിക്കഴിഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വനംമന്ത്രിയും മുഖ്യമന്ത്രിയും തയാറാകണം. അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് സ്ഥലം സന്ദർശിക്കും.