ചവറ: തന്ത്രിയേയും പന്തളം രാജകൊട്ടാരത്തെയും വീണ്ടും വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്. ചവറയിൽ വെറ്റമുക്ക്-താമരക്കുളം റോഡിന്റെ നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രസംഗിക്കുന്നതിനിടയിലാണ് ഇവര്ക്കിതരെ വിമര്‍ശന ശരങ്ങള്‍ മന്ത്രി തൊടുത്തു വിട്ടത്.
തന്ത്രിമാര്‍ സമരം ചെയ്യുന്നത് പോലെ കരാറുകാര്‍ സമരം ചെയ്ത് ജനങ്ങളെ ദ്രോഹിക്കരുത്. ആധുനിക കാലത്തും രാജാക്കന്മാരണെന്ന് പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്. അവര്‍ ഫ്യൂഡല്‍ ഭരണം തിരിച്ച് കൊണ്ടുവാരാനാണ് ശ്രമിക്കുന്നത്. രാജവാഴ്ച ഇല്ലാതാക്കിയ കാര്യം ഇപ്പോഴും ചിലര്ക്കറിയല്ല.
തന്ത്രിയുടെ വാക്കുകളല്ല ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കുന്നത്. നിയമം നടത്താന്‍ ഭരണകര്‍ത്താക്കള്‍ മുന്നിട്ടറങ്ങുമ്പോള്‍ അതിന് തടസവാദം ഉന്നയിക്കുന്നത് ശരിയല്ല. പത്മനാഭ സ്വാമി ക്ഷേത്രം മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലല്ലാത്തത്.
ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ഇപ്പോഴും രാജാവാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ നിയമത്തെ അനുസരിക്കുന്നില്ല. നിയമം എല്ലാവര്ക്കും ബാധകമാണ്. അവിടെ മന്ത്രിയെന്നോ തന്ത്രിയെന്നോ വേര്‍തിരിവില്ല. സ്ത്രീകളുടെ കണ്ണുനീര് വീഴ്ത്തുന്നവര്‍ക്ക് ഒരിക്കലും ഗുണം പിടിക്കില്ലെന്നും മന്ത്രി പറഞ്ഞു.