തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കത്തെഴുതി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘നന്നായി’ തന്നെ നിർവഹിക്കുന്നുണ്ടെന്നും അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നുവെന്നും സുധാകരൻ പരിഹസിച്ചു.
വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പോലീസിനും സുഖമാണ് എന്നറിയുമല്ലോ. കാരണം, കുത്തിമലർത്തിയ ശവശരീരങ്ങൾ ഇപ്പോൾ നിങ്ങളുടെ ഗുണ്ടകൾ പോലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘അങ്ങേർക്കത്’ മനസിലായില്ലെന്ന് തോന്നുന്നുവെന്നും സുധാകരൻ കുറിച്ചു.
എല്ലാത്തിനും ‘കാരണഭൂതനായ’ അങ്ങ് എ.കെ. ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റ ഭാഗമായി ‘അമേരിക്കയിൽ’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും സുധാകരൻ പരിഹസിച്ചു.