തലശേരി: ഒരു വർഷം എട്ടുകോടിയോളം ഭക്തർ എത്തുന്ന ശബരിമലയെ പോലീസിനേയും സിപിഎം ക്രിമിനലുകളെയും ഉപയോഗിച്ച് തകർക്കമെന്ന് കരുതുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധകാരൻ.
വിശ്വാസ സംരക്ഷണ യാത്രയ്ക്ക് തലശേരിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തി കോടതി വിധി നടപ്പാക്കാം എന്നത് വ്യാമോഹം മാത്രമാണ്. ലിംഗ അസമത്വമുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സർക്കാർ പിടിച്ചുവാങ്ങിയ വിധിയാണിത് .
നിലവിൽ ശബരിമലയിൽ സ്ത്രീകൾക്ക് നിരോധനമില്ല . നിയന്ത്രണം മാത്രമേയുള്ളു .അഞ്ചംഗ ബഞ്ചിന്റെ വിധി അവസാനത്തെ വിധിയൊന്നുമല്ല . ശബരിമലയെ തകർക്കുക എന്നത് പിണറായിയുടെ ഹിഡൻ അജണ്ടയാണ്. അണികളും കുടുംബങ്ങളും വിശ്വാസത്തിന്റെ വഴിയിലേക്ക് പോവുകയാണ്.
ഇത് സിപിഎമ്മിന് രാഷ്ട്രീയപ്രതിസന്ധി ഉണ്ടാക്കുമെന്നതിനാലാണ് ക്ഷേത്രങ്ങളെ തകർക്കാൻ ശ്രമിക്കുന്നത്. ശബരിമലയെ മാത്രമല്ല പള്ളികളെയും ചർച്ചുകളെയും തകർക്കാൻ ഈ നിയമം ബാധകമാക്കും . ഉത്തരേന്ത്യൻ രാഷ്ട്രീയം ഇവിടെ കൊണ്ട് വന്ന് ഭരണം പിടിക്കാൻ ശബരിമലയെ ഉപയോഗപ്പെടുത്തുകയാണ് ബിജെപി. വോട്ട് തട്ടാനുള്ള കാപട്യമാണ് രഥയാത്രയിലൂടെ ശ്രീധരൻ പിള്ള നടത്തുന്നതെന്നും സുധാകരൻ ആരോപിച്ചു. സതീശൻ പാച്ചേനി ,വി.എ നാരായണൻ ,സുമാ ബാലകൃഷ്ണൻ ,സജീവ് ജോസഫ് ,സജീവ് മാറോളി എന്നിവർ പ്രസംഗിച്ചു.