ചാരുംമൂട്: സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചു. ഇന്നലെ ചാരുംമൂട്ടിൽ നടന്ന സമ്മേളനത്തിൽ മന്ത്രി ജി. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. 2017 മാർച്ച് 31ഓടെ കേരളത്തിലെ എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളം മാറും. പുതിയ സമീപനം സ്വീകരിച്ചു സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങൾ ഇത് അംഗീകരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന സമീപനം സ്വീകരിച്ചാലേ ഭരണമാകൂ എന്നത് നടക്കാൻ പോകുന്ന കാര്യമല്ല. മാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന എല്ലാ നല്ല കാര്യങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിൽ ഒറ്റ ഫയൽ പോലും തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നില്ല. സെക്രട്ടറിയേറ്റിൽ ഫയൽ കെട്ടിക്കിടക്കുകയാണെന്നു ചിലർ വിധി പ്രഖ്യാപിക്കുകയാണ്. ഇതു ശരിയല്ല. സെക്രട്ടറിയേറ്റിലെ എല്ലാ തെറ്റായ നടപടികൾക്കെതിരേയും സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.
നിഷേധിക്കപ്പെടുന്നവരെയും പുറം തള്ളപ്പെടുന്നവരെയും പരിഗണിക്കുന്ന നയമാണ് സർക്കാരിനുള്ളത്. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയും വെളിയിട വിസർജന വിമുക്ത പദ്ധതിയും ഇതിന് തെളിവാണ്. എന്നിട്ടും ഇത് അംഗീകരിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിൽ മാധ്യമങ്ങൾ അവരുടെ പങ്ക് നിർവഹിക്കുന്നില്ലന്നും മന്ത്രി കുറ്റപ്പെടുത്തി.
റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ എപിഎൽ-ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ കാർഡിൽ ഉൾപ്പെടുത്തണം. ആവശ്യമുള്ളവർ റേഷൻ വാങ്ങട്ടെ. തെറ്റായ സർവേ കാരണം പല ബിപിഎൽ കുടുംബങ്ങളും എപിഎല്ലായി. സർവേയ്ക്ക് വരുന്നവർ ദേവലോകത്തുനിന്നും വരുന്നവരെപോലെയാണ്. ചങ്ങലക്കിട്ട പട്ടിയും തൊഴുത്തും കണ്ടാൽ ഉടൻ അവരെ എപിഎലാക്കും ഇത് അംഗീകരിക്കാൻ കഴിയില്ലന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. കഐസ്ഇബി ചീഫ് എൻജിനിയർ സി.വി. നന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. എംഎൽഎമാരായ ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻനായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ, എൻ. വേണുഗോപാൽ, ഡോ. വി. ശിവദാസൻ, പഞ്ചായത്ത് അംഗം ബി. ഫഹദ്, കെ.എൻ. കലാധരൻ എന്നിവർ പ്രസംഗിച്ചു.