കണ്ണൂർ: അവസാനയാളും പോയാലും താൻ കോണ്ഗ്രസിൽ ഉണ്ടാകുമെന്നും ബിജെപിയിലേക്ക് താൻ ചേക്കേറാൻ പോകുന്നുവെന്ന സിപിഎം പ്രചരണം തട്ടിപ്പാണെന്നും കെ.സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിലാണ് സിപിഎമ്മിനും ബിജെപിക്കും എതിരേ സുധാകരൻ ആഞ്ഞടിച്ചത്.
താൻ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല. പൊതുയോഗങ്ങളിൽ താൻ പ്രസംഗിക്കുന്ന പകുതിയിൽ അധികം സമയവും എതിർക്കുന്നത് ബിജെപി നയങ്ങളാണ്. വിസർജിച്ചത് തിന്നുന്ന സിപിഎമ്മിന്റെ പതിവ് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടാനാണ് സിപിഎം വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഗുജറാത്തിൽ ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിനെ ബിജെപി കൊന്നൊടുക്കിയത് തന്നെയാണ് സിപിഎമ്മും കേരളത്തിൽ ചെയ്യുന്നതെന്നും ഫസലും ഷുക്കൂറും ശുഹൈബും എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും വിജയിക്കാമെന്ന് സ്വപ്നം കാണുന്ന പി.ജയരാജന്റെ നേതൃത്വത്തിലാണ് താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നത്. തലശേരി കലാപത്തിൽ മുസ്ലിം വിഭാഗത്തെ കൊന്നൊടുക്കിയ പാർട്ടിയാണ് സിപിഎം.
മറ്റ് പാർട്ടികളെ ഫാസിസ്റ്റ് എന്ന് വിളിക്കുന്ന ജയരാജൻ സിപിഎം എന്ത് തരത്തിലുള്ള പാർട്ടിയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷത്തിന്റെ പിൻബലം കിട്ടാൻ വേണ്ടിയാണ് തനിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശുഹൈബ് വധത്തിന് ശേഷം കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് ജയരാജൻ മനസിലാക്കിയിട്ടുണ്ട്. ഇതിൽ നിന്നും രക്ഷപെടാനാണ് ന്യൂനപക്ഷ പ്രീണനത്തിനായി തനിക്കെതിരേ ബിജെപി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ നിന്നും തനിക്ക് ക്ഷണം ലഭിച്ചുവെന്ന് തുറന്ന് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടാണ്. സിപിഎം ആസൂത്രിതമായി നടത്തിയ തലശേരി കലാപത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടും. ഇക്കാര്യത്തിൽ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. തലശേരി കലാപത്തിന് പിന്നിൽ സിപിഎമ്മായിരുന്നുവെന്ന് സിപിഐ തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മാനസിലകനില തകർന്നിരിക്കുകയാണ്. കേരളത്തിൽ കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്ന ഒരു രാഷ്ട്രീയ നേതാവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ആളുകൾ കൊഴിഞ്ഞുപോയിട്ടില്ലേ എന്നും ബിജെപി അങ്ങനെ ചാക്കിട്ട് പിടിക്കുന്ന ഒരു പാർട്ടിയാണെന്നും സുധാകരൻ ആരോപിച്ചു.