ചെറുവത്തൂർ: കേരളത്തിലെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പിടിച്ചെടുക്കാമെന്ന ഭരണതലവന്മാരുടെ ചിന്തയിലുദിച്ചതെങ്കിൽ അതു നടപ്പില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റവന്യു ജില്ലാ നേതൃസംഗമം വിതരണവും ചെറുവത്തൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്താൽ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായവും മറ്റിടപെടലും നടത്തിയ അധ്യാപകരും ജീവനക്കാരും അടങ്ങിയ വലിയ സമൂഹത്തോട് സാലറി ചലഞ്ച് എന്ന വെല്ലുവിളി ഉയർത്തിയത് കേരളത്തിനു തന്നെ അപമാനമായി മാറിയതായി സുധാകരൻ ആരോപിച്ചു.
ചടങ്ങിൽ സാമൂഹ്യവിരുദ്ധരുടെ അക്രമത്തിൽ കൊല്ലപ്പെട്ട നാലിലാംകണ്ടം ഗവ. യുപി സ്കൂളിലെ അധ്യാപകൻ പി.ടി. രമേശന്റെ കുടുംബത്തിന് അധ്യാപകർ സ്വരൂപിച്ച സഹായധനം അദ്ദേഹം കൈമാറി. ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ കരിച്ചേരി അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ മുഖ്യാതിഥിയായിരുന്നു.
പി.ഹരിഗോവിന്ദൻ, എം. സലാഹുദ്ദീൻ, കരിമ്പിൽ കൃഷ്ണൻ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, കെ.വി. സുധാകരൻ, കെ.പി. പ്രകാശൻ, ടി.കെ. എവുജിൻ, കെ.സി. രാജൻ, കെ. സന്തോഷ്കുമാർ, കെ. സരോജിനി, വി.കെ. അജിത്ത് കുമാർ, എൻ.എം. തോമസ്, ട്രഷറർ ടി.വി. പ്രദീപ്കുമാർ, ടി.വി. കുഞ്ഞിരാമൻ, പി. ശശിധരൻ, കെ.വി. രാഘവൻ, കെ. രാജീവൻ, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.