തിരുവനന്തപുരം: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തിൽ പി.ടി.ഉഷയ്ക്കെതിരേ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. പി.ടി.ഉഷ കടന്നുവന്ന വഴികൾ മറന്നുപോയത് കഷ്ടമായെന്നും ചിത്രയെ ഒഴിവാക്കിയതിൽ ഉഷ തെറ്റ് ഏറ്റുപറയണമെന്നും സുധാകരൻ പറഞ്ഞു. കേരളത്തിന്റെ പൂർണ പിന്തുണ ചിത്രയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി.
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിന് യോഗ്യത നേടിയശേഷമാണ് ചിത്രയെ ലണ്ടനിലേക്കു പോകാനുള്ള ഇന്ത്യൻ ടീമിൽനിന്നു തഴഞ്ഞത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ചിത്രയ്ക്ക് അനുകൂല വിധി ലഭിച്ചെങ്കിലും വിധി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് ദേശീയ അത്ലറ്റിക് ഫെഡറേഷൻ സ്വീകരിക്കുകയായിരുന്നു.
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ പ്രത്യേക നിരീക്ഷകയായിരുന്നു പി.ടി.ഉഷ. ഇവർ കൂടി പങ്കെടുത്ത യോഗത്തിലാണ് ചിത്രയെ ടീമിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ചിത്രയെ ഒഴിവാക്കിയതിൽ ഉഷയ്ക്കും പങ്കുണ്ടെന്ന് നേരത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ വെളിപ്പെടുത്തിയിരുന്നു.