കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്ഗ്രസ് നേതാവ് കെ. സുധാകരനും ടി.പി കേസിലെ പ്രതിയായ കിർമാണി മനോജ് വക്കീൽ നോട്ടീസ് അയച്ചു. യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ മനോജിന് പങ്കുണ്ടെന്ന ആരോപണത്തിലാണ് ഇരുവർക്കുമെതിരെ മനോജ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആരോപണം തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും മനോജ് നോട്ടീസ് ചൂണ്ടിക്കാട്ടി.ശുഹൈബിനെ കൊന്നത് മനോജാണെന്ന സംശയം സുധാകരന് പ്രകടിപ്പിച്ചിരുന്നു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോൾ നൽകിയതെന്ന് സുധാകരൻ ആരോപിച്ചിരുന്നു.
ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി കേസിലെ പ്രതികൾ പരോളിൽ ജയിലിനു പുറത്തുണ്ടായിരുന്നുവെന്നും ഇവർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെന്നും ചെന്നിത്തലയും ആരോപിച്ചിരുന്നു.