കൊല്ലം: അഴിമതി ആരോപണത്തെതുടർന്ന് മൂന്ന് റോഡുകളുടെ നിര്‍മാണം നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സുധാകരന്.കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിന് കീഴിലുള്ള പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിനെക്കുറിച്ച് വിപിന്‍ എന്നയാളും, എന്‍എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് – അഞ്ചല്‍ (15 കി.മീ സിആര്‍എഫ് 11 കോടി) റോഡിനെക്കുറിച്ച് മുബാറക് എന്നയാളും ടോള്‍ ഫ്രീ നമ്പറില്‍ മന്ത്രിയെ വിളിച്ച് ആരോപണം അറിയിച്ചിരുന്നു.
തുടർന്ന് മന്ത്രി ജി.സുധാകരന് അന്വേഷിച്ച് ആരോപണം ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രവൃത്തികള്‍ അടുത്ത ദിവസം മുതല്‍ നിര്‍ത്തിവെയ്ക്കാനും ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിശോധിച്ചതിന് ശേഷം മാത്രം പ്രവൃത്തി ആരംഭിച്ചാല്‍ മതിയെന്നും ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
പത്രവാര്‍ത്തകളിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതി സമുച്ഛയം റോഡിന്റെയും പ്രവൃത്തി നിര്‍ത്തിവെച്ച് ചീഫ് എഞ്ചിനീയറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതോടൊപ്പം തന്നെ മന്ത്രി ഉത്തരവ് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള ഈ പ്രവൃത്തി 20.80 കോടി രൂപയ്ക്കാണ് നിര്‍മിക്കുന്നത്.
പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ ബിനുവും, ചെങ്ങമനാട് – അഞ്ചല്‍ സിആര്‍എഫ് റോഡ് ദേശീയപാത ചീഫ് എഞ്ചിനീയര്‍ അശോക് കുമാറും കൊട്ടാരക്കര പുത്തൂര്‍ റോഡ് അന്വേഷിക്കാന്‍ മെയിന്റനന്‍സ് ചീഫ് എഞ്ചിനീയര്‍ ബീനയെയുമാണ് മന്ത്രി ജി.സുധാകരന് ചുമതലപ്പെടുത്തിയത്.
പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിന്റെയും ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതി സമുച്ഛയം റോഡിന്റെയും പ്രവൃത്തി അക്ഷയ കണ്‍സ്ട്രക്ഷന്‍സും, ചെങ്ങമനാട് – അഞ്ചല്‍ പ്രവൃത്തി കിഷോര്‍ എന്ന കോണ്‍ട്രാക്ടറുമാണ് ഏറ്റെടുത്തിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും, മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാര്‍ക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കോണ്ട്രാക്ടര്മാരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപമോ കരാര്‍ ലംഘനമോ ഉണ്ടായിട്ടുണ്ടെങ്കില്‍ കോണ്ട്ര ാക്ട് ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച പരാതി പരിഹാര സെല്‍ വളരെ ജനോപകാരപ്രദമായിട്ടാണ് നടത്തി വരുന്നത്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ 1800 425 7771 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ജനങ്ങള്‍ക്ക് പരാതി വിളിച്ച് അറിയിക്കാവുന്നതാണ്. തുടര്‍ന്ന് നല്കുന്ന പരാതി നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ പുരോഗതി അറിയാനും ജനങ്ങള്‍ക്ക് സാധിക്കും. മാസത്തില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ മന്ത്രി തന്നെ നേരിട്ട് ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹരിച്ച് വരുന്നു.