തിരുവനന്തപുരം: റോഡു നിർമാണത്തിന് ബിറ്റുമിനൊപ്പം ഇപ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തരികളിൽപോലും മായം കലർത്തുന്നതിനുള്ള ശ്രമമാണു നടന്നു വരുന്നതെന്നു മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പിന്റെ മൂന്നാമത് എൻജിനിയേഴ്സ് കോണ്ഗ്രസിന്റെ ഭാഗമായുള്ള എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
എൻജിനിയറിംഗ് രംഗത്തെ മൂല്യങ്ങൾ നിലനിർത്തുകയാണ് സർക്കാരിന്റെ മുഖ്യലക്ഷ്യം.പാരന്പര്യത്തെയും ഭാവി സാധ്യതകളെയും കണ്ടുകൊണ്ടുള്ള നിർമാണമാണ് വേണ്ടത്. ഒപ്പം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കുകയും വേണം. 100 വഷങ്ങൾക്ക് മുൻപു നിർമിച്ച 11 പാലങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിൽ രണ്ടെണ്ണത്തിന് മാത്രമാണ് ചെറിയ തകരാർ കണ്ടെത്തിയത്.
അതേസമയം 18 വർഷം മാത്രം പഴക്കമുള്ള ഏനാത്ത് പാലമാണ് തകർന്നത്.ജനാധിപത്യത്തിന്റെ അർഥം മനസിലാവാത്തതാണ് രാഷ്ട്രീയസാമൂഹിക രംഗങ്ങളിലെ പാകപ്പിഴകൾക്ക് കാരണമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തന്പി പറഞ്ഞു.
പതിറ്റാണ്ടുകളായി പൊതുമരാമത്ത് വകുപ്പിന് പതിച്ചുകിട്ടിയ ദുഷ്പേരു മാറ്റാൻ കഴിഞ്ഞുവെന്നതാണ് മന്ത്രി സുധാകരന്റെ വലിയ നേട്ടം. മുൻപു ഗതാഗതയോഗ്യമല്ലാതെ കിടന്ന പലറോഡുകളും സഞ്ചാരയോഗ്യമാക്കിയത് സന്തോഷകരമാണ്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ നിർമാണത്തിന്റെ ഭാഗമാക്കുന്നു.
പക്ഷെ ഈ പാഴ് വസ്തുക്കൾപോലും അലക്ഷ്യമായി വലിച്ചെറിയുന്നതാണു നമ്മുടെ ശീലമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധനറാവു, കെആർടിഎൽഎംഡി അജിത്പാട്ടീൽ, ചീഫ് എൻജിനിയർമാരായ പ്രഭാകരൻ, എം.എൻ.ജീവരാജ്, ബി.എസ്. ത്രിവിക്രമൻ എന്നിവർ പ്രസംഗിച്ചു.