നിലന്പൂർ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിച്ച വിശ്വാസ സംരക്ഷണയാത്രക്ക് നിലന്പൂരിൽ നൽകിയ സ്വീകരണ യോഗത്തിലേക്ക് മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷററും എംപിയുമായ പി.വി.അബ്ദുൾ വഹാബിനെ ക്ഷണിച്ചില്ല. കൊണ്ടോട്ടിയിൽ കെ.എൻ.എ.ഖാദർ എംഎൽഎയെ ക്ഷണിക്കുകയും കാദർ പ്രസംഗിക്കുകയും ചെയ്തു.
വണ്ടൂരിൽ നൽകിയ സ്വീകരണ യോഗം മുസ്ലീം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമാണ് ഉദ്ഘാടനം ചെയ്തത്. പി.വി.അബ്ദുൾ വഹാബ് കോഴിക്കോട്ടു ഉണ്ടായിരുന്നു. ക്ഷണിക്കാതെ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന മറുപടിയാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്നു ലഭിച്ചത്.
നിലന്പൂരിലെ സ്വീകരണ യോഗത്തിൽ ഘടകകക്ഷികളിൽ നിന്നു ആരെയും കണ്ടില്ല. മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി.കുഞ്ഞാനെ സദസിൽ നിന്നു വേദിയിലേക്ക് സുധാകരന്റെ നിർദേശ പ്രകാരം ക്ഷണിച്ചെങ്കിലും. അതിനു മുന്‍പേ ലീഗ് നേതാക്കൾ സദസിൽ നിന്നു പോയിരുന്നു.
വഹാബിനെ തഴഞ്ഞ സംഭവം ലീഗിനെ ചൊടിപ്പിച്ചിരിക്കുകയാണ് പി.വി.അൻവർ എംഎൽഎയുടെ പൊതുപരിപാടികളിൽ നിന്നു കോണ്‍ഗ്രസ് വിട്ടു നിൽക്കുന്പോഴും ലീഗ് പങ്കെടുക്കുന്നത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ഇതും വഹാബിനെ ക്ഷണിക്കാതിരിക്കാൻ കാരണമായതായി കരുതുന്നു.