പെരുന്പടവ്: ജനങ്ങൾ ഉള്ളിടത്തു വികസനം നടപ്പിലാക്കുക എന്നതാണു സർക്കാറിന്റെ പ്രഖ്യാപിത നയമെന്നു മന്ത്രി ജി. സുധാകരൻ. കക്കറയിൽ വെള്ളോറ -കക്കറ- കടുക്കാരംമുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭിവൃദ്ധിപ്പെടുത്തുന്നത്.
സ്വാതന്ത്ര്യലബ്ദിക്കുശേഷം കഴിഞ്ഞ 70 വർഷം കൊണ്ടു പയ്യന്നൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിൽ ചെലവഴിച്ചതിന്റെ ഇരട്ടിതുക ഈവർഷം നീക്കിവച്ചിട്ടുണ്ടെന്നും മലയോര ഹൈവേയ്ക്കു 233 കോടി ഉൾപ്പെടെ 1050 കോടി രൂപ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയതായി മന്ത്രി പറഞ്ഞു.
പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രസ്തുത റോഡിന് 2465 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. 18 മാസം കൊണ്ടു പണി പൂർത്തീകരിക്കേണ്ട റോഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡാണു ടെൻഡർ ചെയ്ത് കരാർ എടുത്തിരിക്കുന്നത്.
11.215 കിലോമീറ്റർ ദൂരമുള്ള റോഡ് 12 മീറ്റർ വീതിയിൽ ആക്കുകയും ഏഴുമീറ്റർ വീതിയിൽ മെക്കാഡം ടാറിംഗ് ആക്കുന്നതിനും വ്യവസ്ഥയുണ്ട്. സ്ഥല ലഭ്യതയ്ക്കനുസരിച്ചു ബസ്ബേകൾ നിർമിക്കാനും കയറ്റിറക്കങ്ങൾ കുറച്ചു വളവുകൾ വീതികൂട്ടുന്നതിനും 22 ഓളം കൾവർട്ടറുകൾ നിർമിക്കുന്നതിനും 8,000 മീറ്റർ ഡ്രെയിനേജുകൾ നിർമിക്കാനും ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും നിർദേശമുണ്ട്.
പണി പൂർത്തിയാകുന്നതോടെ ചെറുപുഴ, പുളിങ്ങോം, തിരുമേനി, പ്രാപ്പൊയിൽ ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളിലുള്ളവർക്കു പരിയാരം മെഡിക്കൽ കോളജ്, താലൂക്ക്, ജില്ലാ ആസ്ഥാനം എന്നിവിടങ്ങളിലേക്കു കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാൻ കഴിയും.
ചടങ്ങിൽ സി. കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി റിപ്പോർട്ട് അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീൻ, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യഭാമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, എരമം-കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. രാജൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. സതീശൻ, ജലജാമണി, വിവിധ കക്ഷി നേതാക്കളായ സി. സത്യപാലൻ, സാജു ആന്റണി, അജിത്കുമാർ, പി. രാമകൃഷ്ണൻ, സി.പി. മുഹമ്മദ്ഹാജി, പി. ജയൻ, പ്രകാശ് മാത്യു എന്നിവർ പ്രസംഗിച്ചു.