അമ്പലപ്പുഴ: സ്കൂൾ കെട്ടിടത്തിനു കൂടുതൽ തുക ചെലവഴിക്കുന്നതിൽ പ്രതിഷേധിച്ച് ശിലാസ്ഥാപന കർമം നിർവഹിക്കാതെ മന്ത്രി മടങ്ങി. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ ക്ലാസ് മുറികൾ നിർമിക്കുന്നതിന് ആസ്തി വികസനഫണ്ടിൽനിന്ന് മന്ത്രി ജി. സുധാകരൻ 55 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കെട്ടിട നിർമാണം മൂന്നുമാസം മുമ്പു ആരംഭിച്ചിരുന്നെങ്കിലും ശിലാസ്ഥാപന കർമം നടന്നിരുന്നില്ല. ഇതിനായി ഇന്നലെ സ്കൂളിലെത്തിയപ്പോഴാണ് 55 ലക്ഷം രൂപ ചെലവിൽ ക്ലാസ്സ്മുറികൾ മാത്രമാണ് നിർമിക്കുന്നതെന്ന് മന്ത്രിക്ക് മനസിലായത്.
ഉടൻ തന്നെ ഇതിന്റെ വിശദീകരണം മന്ത്രി ഉദ്യോഗസ്ഥരോടും സ്കൂൾ അധികൃതരോടും തേടി. എന്നാൽ ഇവരുടെ മറുപടി തൃപ്തികരമല്ലാതിരുന്നതിനാൽ ശിലാസ്ഥാപനകർമം നിർവഹിക്കാതെ മന്ത്രി മടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് കൂടുതൽ തുകയാണ് ചെലവഴിക്കുന്നതെന്ന് താൻ വിമർശനമുന്നയിക്കുമ്പോഴാണ് ഇത്രയും കൂടുതൽ തുക ഇതിനായി ചെലവഴിക്കുന്നത്. നിർമാണം ആരംഭിച്ച സ്ഥിതിക്ക് തടസപ്പെടുത്തുന്നില്ലെന്നും നിർമാണം തുടരാനും മന്ത്രി നിർദേശം നൽകി.