സർവീസ് അനുഭവങ്ങൾ പുസ്തകമാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ. വിരമിച്ചശേഷം സർവീസ് അനുഭവങ്ങൾ എഴുതണമെന്നുള്ളവർ പെൻഷൻ വേണ്ടന്നു വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ താനും മുഖ്യമന്ത്രിയും നാലു വർഷത്തിനുശേഷം സർവീസ് അനുഭവങ്ങൾ പുസ്തകമാക്കാൻ പുറപ്പെട്ടാൽ സ്ഥിതി എന്താകുമെന്നും മന്ത്രി ചോദിച്ചു.
നേരത്തെ, “സ്രാവുകൾക്കൊപ്പം നീന്തുന്പോൾ’ എന്ന തന്റെ ആത്മകഥയുടെ രണ്ടാംഭാഗം പൂർത്തിയാക്കുന്നതിന് അനുമതിതേടി ഐഎംജി ഡയറക്ടർ ജേക്കബ് തോമസ് ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് കത്തുനൽകിയിരുന്നു.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ ജേക്കബ് തോമസ് നിരവധി തവണ സർവീസ് ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സർക്കാറിന്റെ പരിഗണനയിലിരിക്കെയാണ് പുസ്തകത്തിന്റെ രണ്ടാംഭാഗം പൂർത്തിയാക്കുന്നതിന് ജേക്കബ് തോമസ് അനുമതി തേടിയത്.