കണ്ണൂർ: ശുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ആരോഗ്യനില വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് ഇന്നു രാവിലെ കെ.സുധാകരൻ കൈമാറി.
എന്നാൽ, ആശുപത്രിയിലേക്ക് മാറാൻ തയാറല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു. അഞ്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാൽ സ്വാഭാവികമായും ശരീരത്തിന് ക്ഷീണമുണ്ടാകും. അതിനെ ഭയക്കുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.
സുധാകരന്റെ ആരോഗ്യനിലയിലെ ആശങ്കകൾ ഇന്നലെ ഡിഎംഒ കെ. നാരായണ നായ്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിച്ച് അറിയിച്ചിരുന്നു. ആരോഗ്യനില വഷളായി വരുകയാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംഒ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.