കണ്ണൂർ: യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ. സുധാകരൻ. ജില്ലാ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുമെന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം മുഖ്യമന്ത്രി തള്ളിയെന്ന വാർത്തയോട് പ്രതികരിക്കവെയാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്ന് മന്ത്രി ബാലൻ സമാധാന യോഗത്തിൽ പറഞ്ഞിരുന്നതാണ്. എന്നാൽ സിബിഐ അന്വേഷിച്ചാൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെ സംബന്ധിച്ചും അന്വേഷണമുണ്ടാകും അതിനാലാണ് സിബിഐ അന്വേഷണം തള്ളിയതെന്നും സുധാകരൻ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നടത്തിവരുന്ന നിരാഹാര സമരം സംബന്ധിച്ച് പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.