തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരൻ. ദേശീയപാത വികസനത്തിന് യുഡിഎഫ് താൽപര്യം കാണിച്ചില്ലെന്നും സംസ്ഥാനത്ത് വികസനം തടയാൻ ചില ശ്രമം നടക്കുന്നുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു. ദേശീയപാത വിസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മലപ്പുറം ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റാൻ ഈ സർക്കാർ പ്രത്യേകനിർദേശം നൽകിയിട്ടില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ ആരാധനാലയങ്ങൾ പൊളിക്കാൻ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന് എതിരല്ലെന്നും എന്നാൽ ഇരകളുടെ പ്രശ്നം പരിഹരിക്കണമെന്നും കെ.എൻ.എ. ഖാദറും സഭയിൽ ആവശ്യപ്പെട്ടു.