മാന്നാര്‍: ബന്ധു നിയമനത്തിലൂടെ വിവാദത്തില്‍ അകപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജിനെതിരെ ഒളിയമ്പുമായി മന്ത്രി സുധാകരന്‍ രംഗത്തെത്തി. കെ.എസ്‌കെറ്റിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മന്ത്രി ഇ.പി.ജയരാജിനെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. വ്യവസായ വകുപ്പിലെ ചില നിയമനങ്ങളില്‍ ഉണ്ടായ അപാകതകള്‍ തിരുത്തുമെന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി ഇ.പി.ക്കെതിരെ രംഗത്തു വന്നത്. നമുക്ക് സ്വയംബോധം ഉണ്ടാകണം ഒപ്പം അകം ബോധവും സമൂഹബോധവും പരസ്പരബോധവും ഉണ്ടാകണം.
അതില്ലാത്തതിനാലാണ് ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്. നമ്മള്‍ ആരാണെന്നും നമമള്‍ ഏതു വര്‍ഗത്തിന്റെ പ്രതിനിധികളാണെന്നും ഒരോ കമ്യൂണിസ്റ്റുകാരനും ഓര്‍ക്കണം. കര്‍ഷകത്തൊഴിലാളികള്‍ മാത്രം അറിഞ്ഞാല്‍ പോരാ ഭരണാധികാരികളും ഇതു ഓര്‍ക്കണം. ഉണ്ടായ എല്ലാ കുഴപ്പങ്ങളും പരിഹരിച്ചു മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ചെറിയ പോരായ്മകള്‍ ഉണ്ടായതിനാല്‍ പിണറായി സര്‍ക്കാരിനെയും പിണറായിയേയും ആക്ഷേപിക്കാമെന്ന പ്രതിപക്ഷത്തിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള മുന്‍ മന്ത്രിമാര്‍ നടത്തിയ അഴിമതിയുടെ ഫയലുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നും ഒന്നൊന്നായി പുറത്തെടുത്ത് വരുകായണെന്നും മന്ത്രി പറഞ്ഞു. കെഎസ്‌കെറ്റിയു പ്രസിഡന്റ് കെ. രാഘവന്‍ അധ്യക്ഷനായിരുന്നു. സജി ചെറിയാന്‍, സി.വി. ചന്ദ്രബാബു, കെ.കെ. രാമചന്ദ്രന്‍ നായര്‍ എംഎല്‍എ, ആര്‍. രാജേഷ് എംഎല്‍എ, എം.എച്ച്.റഷീദ്, എ. മഹേന്ദ്രന്‍, പി. വിശ്വംഭരപണക്കര്‍, എം. സത്യപാലന്‍, പ്രഫ. പി.ഡി. ശശിധരന്‍, ഡി. ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.