തലശേരി: ജനങ്ങളിൽ നിന്ന് കോൺഗ്രസ് അകലാൻ കാരണം പാർട്ടിക്ക് അകത്തുതന്നെ പ്രവർത്തിക്കുന്ന ചില ശക്തികളാണെന്ന് കെ.സുധാകരൻ. തലശേരി ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ സംഗമം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണത്തിന്റെ പോരായ്മയല്ല ജനങ്ങളിൽ നിന്ന് അകലാൻ കാരണമായത്. കോൺഗ്രസിന് അകത്തുതന്നെ ഇതിനായി പ്രവർത്തിക്കുന്ന ശക്തികളുണ്ട്. അത് മാറ്റിയെടുക്കണം.
പഴയകാലത്തെ പ്രവർത്തനത്തിൽ നിന്ന് കോൺഗ്രസ് അകന്നിരിക്കുകയാണ്. ജനങ്ങളുടെ വികാരത്തിനൊപ്പം നിന്ന് അവരുടെ മനസ്സിലേക്ക് കടക്കാൻ കഴിയണം. അതിന് ജനങ്ങളിലേക്ക് നേതാക്കളും പ്രവർത്തകരും ഇറങ്ങിച്ചെല്ലണം. ഏതെങ്കിലും കാരണത്താൽ അകന്നുനിൽക്കുന്നവരെ സംഘടനയുമായി അടുപ്പിക്കുന്നതിന് നേതൃത്വംശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യയശാസ്ത്രം നോക്കിയല്ല ജനങ്ങൾ ഏതെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുന്നത്. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ സഹായിക്കുന്ന പ്രസ്ഥാനങ്ങളെയാണ് അവർ ഇഷ്ടപ്പെടുന്നത്. ബിജെപിയുടെ വർഗീയ ഫാഷിസത്തെ തടയാൻ സിപിഎമ്മിനാകില്ല. കോൺഗ്രസിനു മാത്രമേ അതിന് കഴിയുകയുള്ളൂ. കോൺഗ്രസ് രഹിത ഭാരതമാണ് മോദിയുടെ ലക്ഷ്യം. അതിനാണ് ഇന്ത്യയിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുന്നത്.
പ്രധാനമന്ത്രി ആകാൻ കഴിഞ്ഞതിൽ മോദി കോൺഗ്രസിനോട് നന്ദി പറയുകയാണ് വേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഫലമാണത്. അമേരിക്കയിലൊ മറ്റോ ആയിരുന്നെങ്കിൽ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് മണ്ണയാട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തലശേരി നോർത്ത് മണ്ഡലം പ്രസിഡന്റായി കെ.സി. രഘുനാഥും തലശേരി സൗത്ത് മണ്ഡലം പ്രസിഡന്റായി വിജയകൃഷ്ണനും സ്ഥാനമേറ്റു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, വി.എ. നാരായണൻ എന്നിവർ പ്രസംഗിച്ചു.