ആലപ്പുഴ: ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മരണവാർത്ത കേട്ടപ്പോൾ ആഹ്ലാദിക്കുകയായിരുന്നു സിപിഎം നേതാക്കൾ.
വിലാപ യാത്ര നടക്കുമ്പോൾ സിപിഎം മുതിർന്ന നേതാവ് എം.എ ബേബി ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരൻ വിമർശിച്ചു.
ധീരജ് മരിച്ചശേഷം കണ്ണൂരിൽ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാർ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാർക്ക് താൽപര്യമെന്നും സുധാകരൻ ആഞ്ഞടിച്ചു.
സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോൾ പോലീസിന് അനക്കമില്ല. പോലീസുകാർ സിപിഎമ്മിന്റെ കിങ്കരന്മാർ ആയിരിക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു.
കെഎസ്യുവിലെ തന്റെ കുട്ടികൾ മുമ്പത്തെ പോലെയല്ല, രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും യൂണിയനുകൾ പിടിച്ചു കഴിഞ്ഞു.
ഇതൊക്കെ കണ്ട് വിറളി പൂണ്ടിരിക്കുകയാണ് എസ്എഫ്ഐക്കാർ. കെഎസ്യു പ്രവർത്തകരെ ഇല്ലാതാക്കാൻ പലയിടത്തും അക്രമ പരമ്പരയാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.