റെനീഷ് മാത്യു
കണ്ണൂർ:പിണറായി വിജയനെ പുകഴ്ത്തിയുള്ള ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭന്റെ നിലപാട് ബിജെപിയിലും കോൺഗ്രസിന്റെ പരാജയത്തിൽ മൗനം പാലിച്ചിരിക്കുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട് കോൺഗ്രസിലും ചർച്ചയാകുന്നു.
ബിജെപി നേതാവ് ഒ.രാജഗോപാൽ തെക്ക് നിന്നും സി.കെ.പി വടക്കു നിന്നും പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്പോൾ വിഷമവൃത്തത്തിലായിരിക്കുന്നത് ബിജെപി സംസ്ഥാന നേതൃത്വം ആണ്.
പുകഴ്ത്തൽ പുതുമയല്ല
പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പുകഴ്ത്തി സംസാരിക്കുന്നത് സി.കെ.പിക്ക് പുത്തരിയല്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, ദേശീയ പാതാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് പിണറായിയെ അഭിനന്ദിച്ചിരുന്നു സി.കെ.പി. ഇതും ബിജെപിയിൽ വിവാദമായിരുന്നു.
ഇതിനിടെയിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും സി.കെ.പി രംഗത്തുവന്നത്.
ബിജെപിക്കുണ്ടായ പരാജയത്തിൽ നേതൃത്വം ആത്മപരിശോധന നടത്തണമെന്നു പറഞ്ഞ സി.കെ.പി കേരളത്തിൽ ബിജെപിയുടെ മുന്നേറ്റമെന്ന പ്രതീക്ഷ അസ്തമിക്കുകയാണെന്നും പറഞ്ഞു.
കേരളത്തിലെ ജനവിധിയെ വളരെ ആത്മാർഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന സ്വപ്നമാണ്. പിണറായി വിജയന് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്.
അതില്‍ കുറ്റങ്ങള്‍ മാത്രം കാണുക എന്നത് ശരിയല്ല. കോവിഡ് പ്രതിസന്ധിയിൽ മറ്റുപല സംസ്ഥാനങ്ങളെക്കാള്‍ നന്നായി പിണറായി വിഷയം കൈകാര്യം ചെയ്തു. പിണറായി വിജയന് തീര്‍ച്ചയായും തുടരട്ടെ.
അതൊരു ദോഷമല്ല, കെ.സുരേന്ദ്രന് രണ്ടിടങ്ങളില്‍ മത്സരിച്ചത് കൂടിയാലോചന ഇല്ലാതെയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു.
ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പല തരത്തില്‍ അതൃപ്തിയുണ്ട്. ഈ പരാതികള്‍ക്ക് പരിഹാരം വേണമെന്നും സി.കെ.പി കണ്ണൂരിൽ പറഞ്ഞു.
സി.കെ.പിയുടെ ഈ പ്രസ്താവന പിണറായി വിജയനെയും സർക്കാരിനെയും നിശിതമായി വിമർശിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തിരിച്ചടിയായിരിക്കുകയാണ്.
മൗനം തുടർന്ന് സുധാകരൻ
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരക്കെ പരാജയപ്പെട്ടപ്പോൾ കെപിസിസി അധ്യക്ഷനെ നിശിതമായി വിമർശിക്കുകയും നേതൃമാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്ന്, സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച കണ്ണൂർ കോർപറേഷൻ എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല.
തന്റെ മണ്ഡലമായ കണ്ണൂർ രണ്ടാം തവണയും തിരിച്ചുപിടിക്കാൻ സാധിക്കാത്തതും അഴീക്കോട് കെ.എം. ഷാജി പരാജയപ്പെട്ടതുമാണ് സുധാകരനെ മിണ്ടാതിരിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. കണ്ണൂർ ഇത്തവണ സുധാകരനും കോൺഗ്രസും ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിനു ശേഷം സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു.
ഡൽഹിയിൽ വച്ചും സുധാകരനെ അധ്യക്ഷസ്ഥാനത്തേക്ക് വയ്ക്കാനുള്ള ചർച്ച നടന്നിരുന്നു.
നിലവിലെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആ സ്ഥാനത്തേക്ക് കെ.സുധാകരൻ വരാനുമായിരുന്നു ധാരണ. മുല്ലപ്പള്ളിക്ക് കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ വഴിയൊരുക്കുകയും ചെയ്തിരുന്നു.
സീറ്റ് ചർച്ചകളുമായി ഡൽഹിയിലേക്ക് പോയ മുല്ലപ്പള്ളി രാമചന്ദ്രൻ അവിടെ താൻ മത്സരിക്കുന്നില്ലെന്ന് എഐസിസിയെ അറിയിച്ചതോടെ സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വഴിയടയുകയായിരുന്നു.
ഇതോടെ, തെരഞ്ഞെടുപ്പുമായി നേതൃത്വത്തോട് ഒരു നിസഹരണ മനോഭാവം സുധാകരൻ വച്ചു പുലർത്തി.
ഇതിനിടയിൽ സുധാകരനോട് ആലോചിക്കാതെ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം നടത്തിയതും നേതൃത്വവുമായി പരസ്യമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു.
ഇരിക്കൂർ, മട്ടന്നൂർ, കണ്ണൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തന്നോട് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. കെ.സി. വേണുഗോപാലിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തനിക്ക് കുറച്ച് പറയാനുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു. എന്നാലും മൗനം തുടരുന്നത് കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
ഇതിനിടയിൽ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം രംഗത്തു വന്നിട്ടുണ്ട്.