റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡൻറ് കെ.സുധാകരനും തമ്മിലുള്ള വാക്പോരാട്ടം നിയമ പോരാട്ടത്തിലേക്ക്.
സേവറി നാണുവിന്റെ കൊലപാതകം, നാൽപാടി വാസു വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തിയ വെളിപ്പെടുത്തലുകളിൽ ഇവരുടെ കുടുംബങ്ങൾ നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത് എത്തിയിട്ടുണ്ട്.
കൂടാതെ, സുധാകരനുമായി ഇടഞ്ഞുനിൽക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കളെ സിപിഎം സമീപിച്ചു കഴിഞ്ഞു.നാൽപാടി വാസു വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടും കെ. സുധാകരനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ നാൽപാടി രാജനാണ് രംഗത്ത് വന്നിരിക്കുന്നത്.
1993 മാർച്ച് നാലിനാണ് നാൽപാടി വാസു കൊല്ലപ്പെട്ടത്. നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് യൂഡിഎഫ് മന്ത്രിസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നിവേദനം നല്‍കിയിരുന്നു.
അന്ന് അനുമതി നിഷേധിച്ചത് സുധാകരന്റെ സ്വാധീനത്താൽ ആയിരുന്നുവെന്ന് നാൽപാടി രാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കണ്ണൂർ നഗരത്തിലെ സേവറി ഹോട്ടലിലുണ്ടായിരുന്ന ബോംബേറിൽ തൊഴിലാളിയായിരുന്ന കെ. നാണു കൊല്ലപ്പെട്ട സംഭവത്തിൽ കെ. സുധാകരനെ പ്രതിയാക്കി തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാണുവിന്റെ ഭാര്യ എ. ഭാർഗവി രംഗത്ത് വന്നിട്ടുണ്ട്.
നാണുവിനെ കോണ്‍ഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയതാണെന്ന് സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.1992 ജൂണ്‍ 13 നായിരുന്നു സംഭവം. അന്ന് സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡൻറായിരുന്നു.
കോണ്‍ഗ്രസിന്റെ മുൻ പ്രാദേശിക നേതാവ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുൻപ് തുടരന്വേഷണത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കെ. ഭാർഗവി മാധ്യമങ്ങളോട് പറഞ്ഞു.
സേവറി നാണുവിന്റെയും നാൽപാടി വാസുവിന്റെയും കുടുംബങ്ങൾ നടത്തുന്ന നിയമപോരാട്ടത്തെ പിന്തുണയ്ക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പിണറായി വിജയനെതിരേയുളള ചിലരുടെ വെളിപ്പെടുത്തലുകളിൽ നിയമസാധുതയുണ്ടോയെന്ന് കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കുന്നുണ്ട്.
കെപിസിസി പ്രസിഡൻറ് കെ.സുധാകരന്റെ വിമർശനങ്ങൾക്ക് ഇനി പിണറായി വിജയൻ മറുപടി പറയേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം.