അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരേ യുവതി നൽകിയ പരാതിയിൽ മൊഴിയെടുക്കാതെ പോലീസ്.
മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് സുധാകരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്.
ഒരാഴ്ച പിന്നിട്ടിട്ടും മൊഴിയെടുക്കാൻ പോലീസ് തയാറായിട്ടില്ല.
സ്റ്റേഷനിലെത്തി മൊഴി നൽകാൻ യുവതിയും ഇതുവരെ തയാറായിട്ടില്ല. പരാതി നൽകിയ ശേഷം ഇതു സംബന്ധിച്ച് ഒത്തുതീർപ്പിനായി പുറക്കാട് ലോക്കൽ കമ്മിറ്റി ജില്ലാക്കമ്മിറ്റി ഓഫീസിൽ കൂടിയെങ്കിലും അന്തിമ തീരുമാനമെടുക്കാതെ പിരിഞ്ഞു.
അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ അടുത്തദിവസം കൂടുന്ന ലോക്കൽ കമ്മിറ്റിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് തീരുമാനം. ഇതിനിടെ യുവതിയുമായി പാർട്ടി ജില്ലാ ഘടകം ഒത്തുതീർപ്പിന് ശ്രമമാരംഭിച്ചതായും സൂചനയുണ്ട്.
ഇതിനിടെ മന്ത്രി ജി. സുധാകരനെതിരേ യുവതി മുഖ്യമന്ത്രിക്കു പരാതി നൽകി.
ഒരാഴ്ച മുൻപ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്ന് യുവതി പറഞ്ഞു.
പൊതുസമൂഹത്തിനു മുന്നിൽ മന്ത്രി പരസ്യമായി മാപ്പു പറയാതെ പരാതി പിൻവലിക്കില്ല.
താനും ഭർത്താവും കുറ്റം ചെയ്തുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത്.
കുറ്റം ചെയ്തത് മന്ത്രി സുധാകരനാണ്. മന്ത്രിയല്ലാതെ മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ പോലീസ് കേസെടുത്തേനെ.
പരാതി പിൻവലിക്കുവാൻ സമ്മർദമുണ്ട്. പരാതി നൽകിയതിന്റെ പേരിൽ തനിക്ക് ഭീഷണിയും ഉണ്ടായിട്ടുണ്ട്. ജീവനും ഭീഷണിയുണ്ട്.
ദുരഭിമാന പിരിച്ചുവിടലാണ് ഉണ്ടായത്. ജാതീയമായി മന്ത്രി ആക്ഷേപിച്ചു. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവതി പറഞ്ഞു.