സിജോ പൈനാടത്ത്
കൊച്ചി: ‘നുമ്മ ജീവിക്കാന്‍ എന്തു പണിക്കും പോവും. കടലീപ്പോം, പെയിന്റിംഗിനു പോം, വെല്ഡിംഗറിയാം, ബിരിയാണീം വച്ചുകൊടുക്കും’.
എന്താണു തൊഴിലെന്ന ചോദ്യത്തിന്, എറണാകുളം ജില്ലാ പഞ്ചായത്ത് കുമ്പളം ഡിവിഷനിൽ മത്സരിക്കുന്ന സി.ആര്. സുധന്ലാലിന്റെ മറുപടി ഇങ്ങനെ.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായാല്‍ ജോലിക്കു പോകാന്‍ പറ്റുമോ? ‘ജീവിക്കാന്‍ പണിക്കു പോവും. നാടിനു വേണ്ടി തെരഞ്ഞെടുപ്പിനു നില്ക്കാന് നാട്ടുകാരു പറഞ്ഞു, നാട് നുമ്മക്ക് ചങ്കാണ് ബ്രോ, ഞാനങ്ങ് നിന്നു.
നുമ്മ ജയിക്കും, നുമ്മ പൊളിക്കും…!!’ പശ്ചിമകൊച്ചിക്കാരുടെ തനതു ഭാഷയില്‍ സുധന്ലാല് ആവേശത്തോടെ പറയുന്നു.
ജീവിക്കാന്‍ വേണ്ടി കഠിനാധ്വാനിയായ തനിക്കു നാടിനായുള്ള അധ്വാനം അധികഭാരമല്ലെന്നു പറയുന്ന ഈ മത്സ്യത്തൊഴിലാളി, തെരഞ്ഞെുപ്പു പ്രചാരണത്തില്‍ മുന്നേറിക്കഴിഞ്ഞു.
കടൽക്കയറ്റ പ്രശ്നം അതിരൂക്ഷമായ ചെല്ലാനം എന്ന കടലോരപ്രദേശത്തെ ജനകീയ കൂട്ടായ്മയായ ചെല്ലാനം ട്വന്റി 20യുടെ സ്ഥാനാര്‍ഥിയാണു പരമ്പരാഗതമായി മത്സ്യത്തൊഴില്‍ ഉപജീവനമാക്കിയ കുടുംബത്തില്‍നിന്നുള്ള സുധന്.
പുലര്‍ച്ചെ നാലിനെഴുന്നേറ്റു കടലില്‍ പോകുന്ന സുധന് ഉച്ചയ്ക്കുശേഷമാണു തിരിച്ചെത്തുക. ഇതിനുശേഷമാണു തെരഞ്ഞെടുപ്പു പ്രചാരണം. കടലില്‍ പോകാത്തപ്പോള്‍ പെയിന്റിംഗ്, വെല്‍ഡിംഗ് തൊഴിലാളിയായി സുധന് കരയിലുണ്ടാകും.
നാട്ടിലും പുറത്തും ആഘോഷങ്ങള്‍ക്കു രുചിയുള്ള ഭക്ഷണമൊരുക്കാന്‍ ആളുകള്‍ തേടിയെത്തുന്നതും സുധനെതന്നെ. കരാടിസ്ഥാനത്തില്‍ കുറേക്കാലം ഹൈക്കോടതി പ്രൊട്ടക്ഷന്‍ വിംഗിലും ജോലിചെയ്തു. ഇതിനെല്ലാമിടയില്‍ നാട്ടിലെ എല്ലാ ആവശ്യങ്ങളിലും നിറസാന്നിധ്യം.
കുമ്പളം ഡിവിഷന് സംവരണ സീറ്റാണെന്നറിഞ്ഞതോടെ സ്ഥാനാര്‍ഥി സുധനാണെന്നു ചെല്ലാനം ട്വന്റി 20 ഉറപ്പിച്ചിരുന്നു. ചെല്ലാനം, കുമ്പളങ്ങി, കുമ്പളം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനിലാണു മത്സരം.
പ്രചാരണത്തിനിടെ ജാതിയുടെയും തൊഴിലിന്റെയും പേരില്‍ സുധനെ പരിഹസിക്കാന്‍ ശ്രമിച്ചവരുണ്ടായിരുന്നു. അതിനെക്കുറിച്ചു ചിരിച്ചുകൊണ്ടു സുധന്റെ പ്രതികരണം ഇങ്ങനെ:
‘അതൊന്നും കേട്ടുനിക്കാന് നുമ്മക്കിപ്പോ സമയോല്യ. അവരൊന്നും ഈ നൂറ്റാണ്ടിലല്ല ജീവിക്കുന്നത്!’ സുധന് മീന്‍ തേടി കടലിലും വോട്ടു തേടി കരയിലും തിരക്കിലാണ്.