ചേർപ്പ്: ആറാട്ടുപുഴ പട്ടം പള്ളത്ത് ദന്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്നു തെളിഞ്ഞു.
തെങ്ങ് കയറ്റ തൊഴിലാളിയായ ചേരി പറന്പിൽ ശിവദാസൻ (ശിവൻ -53), ഭാര്യ സുധ (48) എന്നിവരെയാണ് പുതുവർഷ ദിനത്തിൽ രാവിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശിവദാസൻ വീടിനു മുൻ വശത്തും, ഭാര്യ കിടപ്പുമുറിയിലും മരിച്ച നിലയിലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുധയെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു.
പിന്നീട് നടത്തിയ പരിശോധനയിൽ ശിവദാസൻ തൂങ്ങി മരിക്കാൻ ഉപയോഗിച്ച കയർ ഭാര്യ സുധയുടെ കഴുത്തിൽ മുറുക്കിയാണ് ഇവരെ കൊന്നതൊന്നും സ്ഥിരീകരിച്ചു.
31 ന് രാത്രിയാണ് രണ്ടുമരണങ്ങളും നടന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി ചേർപ്പ് സിഐ ടി.വി. ഷിബു പറഞ്ഞു.
സംഭവം നടക്കുന്പോൾ ശിവദാസനും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ശിവദാസനു സുധയെ സംശയമായിരുന്നതായും കൊല്ലുമെന്ന് ഭീഷണി മുഴുക്കിയിരുന്നെന്നും ഇവരുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. സംഭവം നടക്കുന്പോൾ ഇവരുടെ മക്കളും സ്ഥലത്തിലായിരുന്നു.