മാവേലിക്കര: മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള മാവേലിക്കര സുദർശനൻ എന്ന ഒറ്റയാൻ സമര പോരാളിയുടെ പ്രയാണത്തിന് 17 വയസ്. 2002ൽ ആലപ്പുഴ പബ്ലിക് റിലേഷൻ വകുപ്പിന്റെ സഹായത്തോടെയാണ് സുദർശനൻ ലഹരി വിരുദ്ധ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. അതിനുശേഷം കേരളമങ്ങോള മിങ്ങോളം ഇദ്ദേഹം മനുഷ്യനെ നശിപ്പിക്കുന്ന ദുശീലങ്ങൾക്കെതിരെ ബോധവത്കരണം നടത്തി. ഇന്നും അത് തുടർന്നു വരികയാണ്.
ആദ്യ ബോധവത്കരണത്തിനായി അദ്ദേഹം അസ്ഥികൂടത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം അണിഞ്ഞാണ് പ്രകടനം നടത്തിയത്, ഇത് വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർന്ന് എല്ലാ ലോക ലഹരിവിരുദ്ധ ദിനത്തിലും, ഗാന്ധിജയന്തി ദിനത്തിലും, ആളുകൽ കൂടുതൽ ലഹരി ഉപയോഗിക്കുന്ന ഓണം, ക്രിസ്തുമസ്, വിഷു, പുതുവർഷം എന്നീ ആഘോഷ സമയങ്ങളിലും വിവിധ വേഷങ്ങൾ കെട്ടി ലഹരിക്കെതിരെയുള്ള പ്ലക്കാർഡുമായി സുദർശനൻ ബോധവത്കരണം നടത്താറുണ്ട്.
അസ്ഥിപഞ്ചര വേഷം, ശരീരം മുഴുവൻ കുപ്പി കെട്ടിവെച്ചുള്ള വേഷം, പുലിവേഷം, ഗാന്ധിവേഷം, ശ്രീനാരായണ ഗുരുവിന്റെ വേഷം, സൈക്കിൾ പദയാത്ര എന്നീ തരത്തിൽ ഇപ്പോൾ 350ൽ പരം ജനശ്രദ്ധയാകർഷിച്ച പ്രചരണങ്ങൾ ഇദ്ദേഹം നടത്തിക്കഴിഞ്ഞു. പൊതുജനത്തെ കൂടാതെ വിദ്യാർത്ഥികൾക്കിടയിലേക്ക് ലഹരിവിരുദ്ധ സന്ദേശ പ്രചാരണം നടത്തുന്ന സുദർശനന്റെ സാന്നിദ്ധ്യം കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഉണ്ടായിരുന്നു.
2019ലെ പട്ടികജാതി കിർത്താസ് വകുപ്പുകൾ ചേർന്നു നടത്തിയ ഗദ്ദിക സാംസ്കാരിക ഘോഷയാത്രയിലും മാവേലിക്കര സുദർശനൻ ബോധവത്കരണവുമായി എത്തിയിരുന്നു. സിനിമ-നാടക-സീരിയൽ പ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ സുദർശനൻ പൊതുജനത്തെ ബാധിക്കുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കുമെതിരെ ഒറ്റയാൻ സമരത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കുന്ന ആളുമാണ്.
പതിവുപോലെ ഈ ക്രിസ്തുമസ് ദിനങ്ങളിലും സുദർശനന്റെ ലഹരിവിരുദ്ധ സാന്നിദ്ധ്യമുണ്ട്. ഇത്തവണ ക്രിസ്തുദേവന്റെ വരവ് അറിയിച്ച സാന്റാക്ലോസിന്റെ രൂപവും അണിഞ്ഞാണ് ലഹരിവിരുദ്ധ ഒറ്റയാൻ ബോധവത്കരണത്തിനായി സുദർശനൻ എത്തിയിരിക്കുന്നത്.