തിരുവനന്തപുരം: എ. കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വി.എം സുധീരൻ ഇങ്ങനെ അഭിപ്രായ്പപെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- ഫോൺ കെണിയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ എ. കെ. ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകാത്ത സാഹചര്യത്തിൽ അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല.
ശശീന്ദ്രൻ മന്ത്രിയെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും പാലിക്കേണ്ടിയിരുന്ന ധാർമികത പുലർത്തിയില്ലെന്ന് കമ്മീഷൻ കണ്ടെത്തിയതായി മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴുമുള്ളതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
അതുകൊണ്ട് ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുമുന്നണി പിന്തിരിയണം.മാധ്യമങ്ങൾക്ക് നേരെ നടപടി സ്വീകരിക്കണമെന്ന കമ്മീഷൻ നിർദേശം ഏകപക്ഷീയമായി നടപ്പാക്കരുത്. മാധ്യമപ്രവർത്തകരുടെ സംഘടനാ നേതാക്കളും മാധ്യമസ്ഥാപനങ്ങളുടെ തലവന്മാരും എഡിറ്റർമാരുമായി ചർച്ച നടത്തി പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ പ്രസ്തുത നിർദ്ദേശം പരിശോധിക്കുന്നതാണ് ഉചിതം.