തൃക്കരിപ്പൂർ: നരേന്ദ്ര മോദി സർക്കാർ കർഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കാർഷിക കടം എഴുതിത്തള്ളാൻ നടപടി വേണമെന്നും അദേഹം പറഞ്ഞു.
മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ. വെളുത്തമ്പുവിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണാനേ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും 2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുക്ത ഭാരതമാണ് ഉണ്ടാവുകയെന്നും സുധീരൻ പറഞ്ഞു. കേരളത്തിലാവട്ടെ ജനകീയ സമരങ്ങളായാലും മുഖ്യമന്ത്രിക്ക് സമരമെന്ന് കേട്ടാൽ അലർജിയാണിപ്പോൾ.
ഇഷ്ടമില്ലാത്തവരെ തീവ്രവാദികളാക്കുന്ന തീവ്രവാദി ഫോബിയ പിണറായി വിജയന് ബാധിച്ചിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ വെളുത്തമ്പു അനുസ്മരണ പ്രഭാഷണം നടത്തി.
കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, പി. ഗംഗാധരൻ നായർ, കെ.കെ. രാജേന്ദ്രൻ, എം.സി. ജോസ്, പി.കെ. ഫൈസൽ, എ. ഗോവിന്ദൻ നായർ, വിനോദ്കുമാർ പള്ളയിൽ വീട്, പി.വി.സുരേഷ് കുമാർ, മാമുനി വിജയൻ, ബാലകൃഷണൻ പെരിയ, സെബാസ്റ്റ്യൻ പതാലിൽ, എസ്. സോമൻ, കെ.പി. പ്രകാശൻ,കെ.കെ. നാരായണൻ, കെ.വി. ഗംഗാധരൻ, മീനാക്ഷി ബാലകൃഷണൻ, കരിമ്പിൽ കൃഷ്ണൻ, എം. രാധാകൃഷ്ണൻ നായർ, പി. കുഞ്ഞിക്കണ്ണൻ, കെ.വി. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.