തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രശ്‌നത്തില്‍ സംയുക്ത സമരത്തിനില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. സിപിഎം ഭരിക്കാത്ത സഹകരണ ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാനാണ് കഴിഞ്ഞ കാലങ്ങളില്‍ അവര്‍ ശ്രമിച്ചത്. എന്നിട്ട് ഇപ്പോള്‍ യോജിച്ച് നീങ്ങാനുള്ള സിപിഎം നിര്‍ദേശത്തോട് യോജിക്കാന്‍ കഴിയില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തി കോണ്‍ഗ്രസ് സഹകരണ ബാങ്ക് വിഷയത്തില്‍ സമരത്തിനു നേതൃത്വം നല്‍കണമെന്ന് വി.എം. സുധീരന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സുധീരന്‍.
സഹകരണ ബാങ്ക് പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സര്‍വകക്ഷി സംഘം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണം. കടുത്ത പ്രതിഷേധം പ്രധാനമന്ത്രി അടക്കമുള്ളവരെ ധരിപ്പിക്കണം. എന്നാല്‍ കേരളത്തില്‍ പരസ്യമായ പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ സിപിഎമ്മുമായി ഒന്നിച്ച് നീങ്ങണം എന്ന അഭിപ്രായത്തോട് സംസ്ഥാന കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും സുധീരന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എത്തിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹകരണ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് വിരുദ്ധനിലപാടുമായി സുധീരന്‍ രംഗത്ത് വന്നിരിക്കുന്നത്. എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും സിപിഎമ്മുമായി സഹകരണ വിഷയത്തില്‍ ഒരുമിച്ച് നീങ്ങുന്നതിന് കടുത്ത എതിര്‍പ്പ് ഉണ്ടെന്നാണ് സൂചന.