തിരുവനന്തപുരം: അതിദയനീയമായ ഭരണപരാജയത്തിന്റെ ഫലമായി ജനകീയ അടിത്തറയിൽ വന്ന തകർച്ചയിൽനിന്നു കരകയറാനുള്ള വിഫലശ്രമത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾതന്നെ നേരത്തെ അധിക്ഷേപിച്ചിട്ടുള്ള കക്ഷികളെ ഇടതുമുന്നണിയിലേക്ക് സിപിഎം ക്ഷണിക്കുന്നതെന്നു വി.എം. സുധീരൻ. ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടെന്ന തിരിച്ചറിവാണ് അവരുടെ പുതിയ ബാന്ധവങ്ങൾക്കുള്ള പ്രേരണ.
കോടീശ്വരൻമാരെ പ്രീണിപ്പിക്കുന്പോൾ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന സ്ഥിതിയാണുള്ളത്. കെഎസ്ആർടിസിയിലെ മുൻ ജീവനക്കാരുടെ കുടുംബങ്ങൾ ആത്മഹത്യയിലേക്ക് എത്തുന്ന അതീവ ഉത്കണ്ഠാകുലമായ സാഹചര്യമാണുള്ളത്.
ഏതായാലും ഏച്ചുകെട്ടി ‘പാച്ച് വർക്ക്’ നടത്തിയതുകൊണ്ടൊന്നും തകർന്നുകൊണ്ടിരിക്കുന്ന ഇടതുമുന്നണിയുടെ അടിത്തറയിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്നു സുധീരൻ അഭിപ്രായപ്പെട്ടു.