തിരുവനന്തപുരം: കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിനും നവോത്ഥാന കാലഘട്ടത്തിനു മുമ്പുള്ള പ്രാകൃതാവസ്ഥയിലേക്ക് നയിച്ചതിനും ജനമനസിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
മഹാ പ്രളയത്തിന്റെ വൻ ദുരിതത്തിൽപ്പെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും കേരളത്തിന്റെ പുനർ നിർമിതിക്കായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനും ബാധ്യതപ്പെട്ട മുഖ്യമന്ത്രി വനിതാ മതിലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനത്തിന്റെ മുഴുവൻ ശ്രദ്ധയും മതിൽ തീർക്കുന്നതിൽ കേന്ദ്രീകരിച്ചതുകൊണ്ട് ഫലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിതബാധിതർക്കു ലഭിക്കേണ്ട മറ്റ് ആശ്വാസ നടപടികളുമെല്ലാം തന്നെ പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും സർക്കാർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ആദ്യം ശബരിമല യുവതീപ്രവേശനം, പിന്നീട് നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കൽ, തുടർന്ന് സ്ത്രീ ശക്തീകരണം, ഇപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ എന്നിങ്ങനെ വനിതാമതിലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാതെയാണ് ഓരോ സമയത്തും പറയുന്നതെന്നും പോസ്റ്റിൽ പറയുന്നു.