തൃശൂർ: ഗാന്ധിസം തമസ്കരിച്ച് ഗോഡ്സൈസം വളർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഇത്തരക്കാരെ ശക്തമായി എതിർക്കണമെന്നും ജനങ്ങളിൽ നിന്ന് അകറ്റണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തൃശൂർ ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. ജനാധിപത്യവും മതേതരത്വും സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളി നേരിടുമെന്നും സുധീരൻ പറഞ്ഞു.
ആരു വിചാരിച്ചാലും ഗാന്ധിയൻ മൂല്യങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഏത് ഇസത്തേക്കാളും പ്രസക്തി ഗാന്ധിസത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, മുൻ എംഎൽഎ തേറന്പിൽ രാമകൃഷ്ണൻ, ഒ.അബ്ദുറഹ്മാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, എം.പി.ഭാസ്കരൻ നായർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.