കഴിമ്പ്രം: സിപിഎം പാർട്ടി സമ്മേളനത്തിന് പ്രാധാന്യം നൽകിയതുമൂലമാണ് മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി സമ്മേളനത്തിൽനിന്ന് പോയിവരാൻ ഹെലികോപ്ടർ യാത്ര ചെയ്യേണ്ടിവന്നതെന്നും അതിനാൽ ഹെല്കോപ്ടർ യാത്രാചെലവ് സിപിഎം തന്നെ വഹിക്കേണ്ടതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
കഴിന്പ്രം സ്കൂൾ പരിസരത്ത് തീരദേശ ജനതയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ നയിക്കുന്ന തീരദേശ അവകാശ ജാഥയുടെ രണ്ടാംദിവസത്തെ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.യാത്രയ്ക്കുവേണ്ടി ഓഖി ഫണ്ടിൽനിന്ന് കൈയിട്ട് വാരി ഹെലികോപ്ടർ യാത്രയ്ക്ക് പണം നൽകാൻ ശ്രമിച്ചത് ധാർമികമായ വലിയ തെറ്റാണ്. ഈ തെറ്റ് മനസിലായി റദ്ദ് ചെയ്ത് പൊതുഫണ്ടിൽനിന്ന് പണം ചെലവഴിക്കാനാണ് ഇപ്പോഴത്തെ നീക്കം.
കേവലം സാങ്കേതിക കാര്യങ്ങളിൽ തൂങ്ങിക്കിടന്ന് നിയമപരമായി തെറ്റില്ലെന്ന് പറഞ്ഞ് കൈ കഴുകുന്നതുമൂലം സിപിഎമ്മും പിണറായി സർക്കാരും ജനങ്ങളുടെ മുന്നിൽ മോശക്കാരായെന്ന് സുധീരൻ ചൂണ്ടികാട്ടി.ഓഖി ദുരന്തം തുടങ്ങിയ കഴിഞ്ഞ നവംബർ 29 മുതൽ സർക്കാർ സ്വീകരിച്ച നടപടികൾ, ദുരിതബാധിതർക്ക് നൽകിയ പണം, ആശ്വാസ നടപടികൾ, മറ്റുകാര്യങ്ങൾക്ക് ചെലവഴിച്ച പണം എന്നിവയെല്ലാം സംബന്ധിച്ച് കൃത്യമായ ധവളപത്രം ഇറക്കാൻ സർക്കാർ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഇത്രയും ദുർബലവും പാളിപോയതുമായ ഭരണകൂടമായി പിണറായി സർക്കാർ മാറി. ജനവിശ്വാസം ഓരോനിമിഷവും നഷ്ടപ്പെടുന്ന സർക്കാരിന്റെ അടിത്തറ തന്നെ തകർന്നു. സിപിഎം നേതൃത്വത്തിന്റെ ആത്മവിശ്വാസം തകർന്നതുകൊണ്ടാണ് പുറമേനിൽക്കുന്ന കക്ഷികളെ മാടിവിളിക്കുന്നത്. പുറമേനിന്ന് എത്ര കക്ഷികൾ ചേർന്നാലും ഏച്ചുകെട്ടി വച്ചുകെട്ടിയാൽ ഈ സർക്കാർ രക്ഷപ്പെടുകയില്ല.
നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ജനപ്രതിനിധികൾക്ക് തണൽ ഒരുക്കുകയാണ് സർക്കാർ. തീരദേശ ജനതയെ അവഗണിച്ചു.ഡിഎൽഎഫിനെ അനുകൂല സാഹചര്യം ഉണ്ടാക്കികൊടുത്ത തീരപരിപാലന അഥോറിറ്റിയുടെ ബന്ധപ്പെട്ട അധികൃതർക്കെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കെ. ദിലീപ്കുമാർ അധ്യക്ഷനായിരുന്നു. ജാഥ ക്യാപ്റ്റൻ ടി.എൻ. പ്രതാപൻ, അനിൽ അക്കര എംഎൽഎ, അനിൽ പുളിക്കൻ, ജോസ് വള്ളൂർ, എ.ജെ. യദുകൃഷ്ണ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.യു. ഉദയൻ, ജോസഫ് ടാജറ്റ് എന്നിവർ പങ്കെടുത്തു.