കോവളം : ഡ്യൂട്ടിക്കിടെ വെടിയേറ്റുമരിച്ച ഛത്തീസ്ഗഡിലെ കോബ്രാ വിംഗിലെ സീനിയർ ഹെഡ്കോൺസ്റ്റബിൾ സിആർപി എഫ് ജവാൻ സി . ആർ. ബിജുകുമാറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റുമരിച്ച സിആർപിഎഫ് ജവാൻ സി. ആർ. ബിജുകുമാറിന്റെ വീട്ടിൽ എത്തിയ സുധീരൻ ജവാന്റെ ഭാര്യയെയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
മരണം ആത്മഹത്യയാണെന്ന അധികൃതരുടെ അറിയപ്പ് വിശ്വസിക്കുന്നില്ലെന്നും ബിജു ആത്മഹത്യ ചെയ്യില്ലെന്നും ഉറപ്പിച്ചു പറഞ്ഞ ബന്ധുക്കൾ മരണത്തെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിക്കണമെന്നുംബന്ധുക്കൾ സുധീരനോട് അഭ്യർഥിച്ചു. സന്ദർശന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച സുധീരൻ രണ്ട് പിഞ്ചു കുഞ്ഞുങ്ങളുള്ള ബിജുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു .
ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസെന്റ് എംഎൽഎ, കോൺഗ്രസ് നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, സി. കെ. വത്സലകുമാർ, വെങ്ങാനൂർ കെ. ശ്രീകുമാർ, എൻ. എസ്. നുസൂർ, അയൂബ് ഖാൻ, ജയകുമാർ, ജോയി, തുടങ്ങിയവരും സുധീരനോടൊപ്പം ഉണ്ടായിരുന്നു.