യോജിച്ച പോരാട്ടത്തെ എതിര്‍ക്കുന്ന സുധീരന്‍ കൃമി; പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേതെന്നും എം.എം മണി

maniറാന്നി: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം. സുധീരന്‍ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. റാന്നിയില്‍ സിപിഎം നേതാക്കളുടെ അനുസ്മരണവും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേത്. യോജിച്ച പോരാട്ടത്തിന് സിപിഎം ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടരും.

പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഒറ്റ രാത്രി കൊണ്ട് മോദി 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ പിന്‍വലിച്ചത്. സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം വച്ചിട്ടും വിദേശ ബാങ്കുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. സാധാരണക്കാരുടെ വായില്‍ മണ്ണിടുക   എന്നതുമാത്രമാണ് പ്രധാനമന്ത്രിയുടെ പൊതു മിനിമം പരിപാടി. ഇന്ത്യ മുഴുവന്‍ ശൗചാലയം പണിയും എന്നു പറഞ്ഞ മോദി ആദ്യം ചെയ്യേണ്ടത് വസ്തുവും വീടും ഇല്ലാത്തവര്‍ക്ക് ഒരു തുണ്ട് ഭൂമിയും വീടും നല്‍കുക എന്നതായിരുന്നു.

ഇപ്പോള്‍ വീടുമില്ല ശൗചാലയവുമില്ലെന്നതാണ് സ്ഥിതി. മോദി ഭരണത്തിന്റെ 50 ശതമാനം കഴിഞ്ഞപ്പോള്‍ രാജ്യം കുളമായിരിക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ ആശങ്ക പങ്കു വയ്ക്കാനോ പരിഹരിക്കാനോ മോദിക്ക് സമയമില്ല. അന്തവും കുന്തവുമില്ലാത്ത ജയ്റ്റിലിയെ കണ്ടാല്‍ മതി എന്നാണ് പറയുന്നത്.

കേരള നിയമസഭയില്‍ ഒ. രാജഗോപാല്‍ വന്നതിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്നും എം. എം. മണി പറഞ്ഞു.സിപിഎം ലോക്കല്‍ സെക്രട്ടറി കെ. കെ. സുരേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ സെക്രട്ടേ്‌റിയറ്റംഗം പി. എസ്. മോഹനന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ മത്തായി ചാക്കോ, കോമളം അനിരുദ്ധന്‍, ഏരിയ സെക്രട്ടറി ആര്‍. വരദരാജന്‍, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ തുണ്ടിയില്‍, ജോര്‍ജ് ഫിലിപ്പ്, പി.ആര്‍.പ്രസാദ്,  കെ. പി. സുഭാഷ് കുമാര്‍, വി. കെ. സണ്ണി, കെ. വി. രാജപ്പന്‍, കെ. ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts