കണ്ണൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നിർമാണ പ്രവൃത്തികൾക്ക് അന്ത്യം കുറിക്കേണ്ട സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മരടിലെ ഫ്ളാറ്റ് നിർമാതാക്കളാണ് കുറ്റവാളികൾ. അവരാണ് ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്.
പണത്തിന്റെ ഹുങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനവും ആകാമെന്ന അവസ്ഥയിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് നിർമാതാക്കൾ. പുനരധിവാസത്തിനും പൊളിച്ചുനീക്കാനുമുള്ള പണം നിർമാതാക്കളിൽ നിന്നും ഈടാക്കണം. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥ ഉണ്ടാകരുത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ജില്ലാ ഭരണകൂടത്തിനും എതിരേ നടപടികൾ എടുക്കണമെന്നും വി.എം. സുധീരൻ കണ്ണൂരിൽ പറഞ്ഞു.