പത്തനംതിട്ട: കൊലക്കേസില്‍ പ്രധമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തെ മനസിലാക്കി എം. എം. മണി മന്ത്രി സ്ഥാനം രാജിവച്ചേ മതിയാകൂവെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്. എം.എം. മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസ്ഥാനത്തുള്ള എം.എം. മണിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ട്ടപ്പെട്ടിരിക്കുകയാണ്. മണിയെകൊണ്ട് രാജിവയ്പിക്കാന്‍ സിപിഎം നേതൃത്വവും തയാറാകുന്നില്ല. ഇടതുപക്ഷത്തിന് ധാര്‍മികതയും കോടതിവിധിയും പ്രശ്നമേയല്ലന്ന ഭാവമാണ്. മണി അധികാരത്തില്‍ തുടരട്ടേയെന്ന സിപിഎം ഭാവം സൂചിപ്പിക്കുന്നത് തങ്ങള്‍ കൊലപാതക രാഷ്ര്ടീയവുമായി മുന്നോട്ടു പോകുമെന്നതു തന്നെയാണ്. സിപിഎം കേന്ദ്ര നേതൃത്വവും അക്രമരാഷ്ര്ടീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്രം എല്ലാവര്‍ക്കുമുണ്ട്്. എന്നാല്‍ പോലീസിനെ ഉപയോഗിച്ച് അവരെ എതിര്‍ക്കുന്ന സമീപം ശരിയല്ല. ചില പോലീസ് ഉദ്യോഗസ്ഥര്‍ കാക്കിയ്ക്കുള്ളില് ഗുണ്ടാ പ്രവര്‍ത്തനം നടത്തുകയാണ്.
തെരുവ് ഗുണ്ടകള്‍ ഇതിലും ഭേദമാണ്. പോലീസ് തന്നെ ഒടുവില്‍ പിണറായിയുടെ അന്തകനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോകുമെന്നും കെപിസിസി പ്രസിഡന്റ് വി. എം. സുധീരന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസന്‍നായര്‍, പി. മോഹന്‍രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി എക്സിക്യൂട്ടീവംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ കെ. കെ. റോയ്സണ്‍, എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, ജോണ്സണ് വിളവിനാല്‍, ലിജു ജോര്‍ജ്, സജി കൊട്ടയ്ക്കാട്, റോജിപോള്‍ ദാനിയേല്‍, എം. സി. ഷെരീഫ്, റോഷന്‍നായര്‍, എം. എസ്. പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നൂപൂര്ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍, ഹരിദാസ് ഇടത്തിട്ട, നഗരസഭാധ്യക്ഷ രജനി പ്രദീപ്, വല്‍സണ്‍ ടി. കോശി, അനീഷ് വരിക്കണ്ണാമല, വി. ആര്. സോജി എന്നിവര്‍ പ്രസംഗിച്ചു.
ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച പോലീസ് സ്റ്റേഷന് മാര്‍ച്ചിന് ലാലു ജോണ്‍, കെ. ജി. അനിത, എ. എന്‍. ഉണ്ണികൃഷ്ണന് നായര്‍, മാന്താനത്ത് നന്ദകുമാര്‍, എലിസബത്ത് അബു, ബി. നരേന്ദ്രനാഥ്, ജി. രഘുനാഥ്, കെ. വി. സുരേഷ്കുമാര്‍, റെനീസ് മുഹമ്മദ്, കെ. ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, എസ്. വി. പ്രസന്നകുമാര്‍, സോണി എം. ജോസ് എന്നിവര്‍ നേതൃത്വം നല്കി.
മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനം പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വിജയ് ഇന്ദുചൂഡനെ കെപിസിസി പ്രസിഡന്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
ബുധനാഴ്ച രാത്രി ഏഴോടെയാണ് അബാന്‍ ജംഗ്ഷനില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാട്ടുകയായിരുന്നു.
സംഭവത്തേത്തുടര്‍ന്ന് വിജയിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖില്‍ അഴൂര്‍, അന്‍സില്‍ മുഹമ്മദ് എന്നിവരുടെ ബൈക്കുകളും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത വിജയിയെ പോലീസ് ക്രൂരമായി ദേഹോപദ്രവം ഏല്പിച്ചതില് പ്രതിഷേധിച്ചായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ മാര്‍ച്ച് നടത്തിയത്. വൈകുന്നേരം ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ എല്‍ഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. അബാന്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.