അടുപ്പക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാന്‍ മന്ത്രിമാര്‍ക്ക് ആര്‍ത്തി; നാല് മാസം കൊണ്ടു സിപിഎമ്മിന്റെ മുഖം വികൃതമായി; ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും സുധീരന്‍

fb-sudheeran

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.

ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച് തിരുത്തലുകള്‍ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. അത് സംഘടനാ തലത്തില്‍ ആയാല്‍ പോര. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. പാര്‍ട്ടി നടപടിയല്ല വിഷയത്തില്‍ വേണ്ടത്. ഭരണഘടനയും വ്യവസ്ഥാപിത നിയമ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കണം. സത്യപ്രതിജ്ഞ ലംഘനം നടത്തി സ്വജനപക്ഷപാതത്തിലൂടെ ജയരാജന്‍ അഴിമതി നടത്തുകയാണ് ചെയ്തത്. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. ജയരാജന്റെ രാജി ആവശ്യപ്പെട്ട് 17ന് കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ സിപിഎമ്മിന്റെ മുഖം നാല് മാസം കൊണ്ടു തന്നെ വികൃതമായി. ഭരണത്തില്‍ കയറി നാല് മാസം കൊണ്ട് അടുപ്പക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാന്‍ മന്ത്രിമാര്‍ ആര്‍ത്തി കാണിക്കുകയാണ്. ജനദ്രോഹ നടപടികളില്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts