തിരുവനന്തപുരം: കേരള കോണ്ഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ. കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെത് മതേതര മുന്നേറ്റം തകർക്കുന്ന നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ രാജ്യസഭ സീറ്റ് ആഗ്രഹിച്ചിരുന്നില്ലെന്നും ഗ്രൂപ്പ് നേതാക്കൾ തനിക്കെതിരെ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മതേതര മൂല്യങ്ങൾക്ക് ഉറച്ച നിലപാട് സ്വീകരിക്കുന്ന രാഹുൽഗാന്ധിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമദൂരം പറയുന്ന കെ.എം.മാണി മൂന്ന് മുന്നണികളുമായും വിലപേശൽ നടത്തുകയാണ്. രാജ്യസഭ സീറ്റ് നൽകുന്നതിന് മുൻപ് മാണി വിഭാഗം ബിജെപിയിലേക്ക് പോകില്ലെന്നുള്ള ഉറപ്പെങ്കിലും സംസ്ഥാന നേതൃത്വം ഉറപ്പ് വരുത്തണമായിരുന്നു. നാളെ മാണി ബിജെപിയിലേക്ക് പോകില്ലെന്ന് എന്ത് എന്ത് ഉറപ്പാണുള്ളതെന്നും സുധീരൻ ചോദിച്ചു. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താൽപ്പര്യവും രഹസ്യ അജണ്ടയുമാണ്.
യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുകയാണ്. സംസ്ഥാന നേതൃത്വത്തിന് തെറ്റ് സംഭവിച്ചത് സമ്മതിക്കണം. അല്ലാതെ പരസ്യ പ്രസ്താവന വിലക്കുകയല്ല വേണ്ടത്. പരസ്യ പ്രസ്താവന വിലക്കിയ എംഎം ഹസ്സൻ നിരവധി തവണ പരസ്യ പ്രസ്താവന നടത്തിയ ആളാണെന്നും സുധീരൻ പറഞ്ഞു.
ഉമ്മൻചാണ്ടിയും പരസ്യപ്രസ്താവന ലംഘിച്ചിട്ടുണ്ട്. താൻ കെപിസിസി പ്രസിഡന്റ് ആയതിൽ ഉമ്മൻചാണ്ടിക്ക് നീരസം ഉണ്ടായിരുന്നു. പ്രസിഡന്റായ ശേഷം ഉമ്മൻചാണ്ടിയുടെ വീട്ടിൽ പോയി കണ്ടിട്ടും നീരസം മാറ്റിയില്ല. ക്രൂരതയോടെയുള്ള നിസംഗതയാണ് ഉമ്മൻചാണ്ടി തന്നോട് ചെയ്തത്. രണ്ട് ഗ്രൂപ്പ് നേതാക്കളും താൻ നടത്തിയ ജനരക്ഷായാത്രയിൽ വേണ്ടത്ര സഹകരിച്ചില്ലെന്നും സുധീരൻ പറഞ്ഞു. ജാഥയുടെ ഉദ്ഘാടന പ്രസംഗത്തിൽ പോലും ഉമ്മൻചാണ്ടി ജാഥ ക്യാപടനായ തന്റെ പേര് പരാമർശിച്ചില്ല.