തിരുവനന്തപുരം: നിലവിലുള്ള നിയമവ്യവസ്ഥയെ തെല്ലെങ്കിലും മാനിക്കുന്നുണ്ടെങ്കിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത തെറ്റായ നടപടി റദ്ദാക്കണമെന്നു വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിന്റെ അപകട മരണവുമായി ബന്ധപ്പട്ട് ശ്രീറാം വെങ്കിട്ടരാമൻ മുഖ്യ പ്രതിയായ കേസ് അട്ടിമറിക്കുന്നതിന് തുടക്കംമുതലേ ഉന്നതതലത്തിൽ നടന്നുവന്നിരുന്ന ഗൂഢശ്രമങ്ങൾ ഇതോടെ പൂർത്തിയായിരിക്കുകയാണ്.
വകുപ്പ്തല അന്വേഷണത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയത് അങ്ങേയറ്റം പരിഹാസ്യവുമാണ്.
സർക്കാരിന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ ഏത് ക്രിമിനൽ കുറ്റവാളിക്കും നിയമവ്യവസ്ഥയെ വെട്ടിച്ച് രക്ഷപ്പെടാമെന്ന ദുരവസ്ഥ ആപത്കരമാണ്.
ഇനിയെങ്കിലും തെറ്റു തിരുത്തി ശ്രീറാംവെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്ത നടപടി എത്രയും വേഗത്തിൽ റദ്ദാക്കണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.