ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും മന്ത്രി തോമസ് ചാണ്ടി ബ്ലാക്ക് മെയിൽ ചെയ്തിരിക്കുകയാണെന്നു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കേരള എൻജിഒ അസോസിയേഷൻ 43-ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർക്സിസം വഴിവിട്ട സാന്പത്തികബന്ധത്തിനു പണയപ്പെടുത്തിരിക്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. ബിജെപിയും സിപിഎമ്മും പരസ്പരം സഹകരിച്ചാണു പ്രവർത്തിക്കുന്നത്.
നെൽവയൽ സംരക്ഷിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നവർ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണ്. സ്ഥലംമാറ്റ ഭീഷണിയെയും അതിജീവിച്ചാണ് എൻജിഒ അസോസിയഷൻ പ്രവർത്തകർ നിലകൊള്ളുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. രവികുമാർ അധ്യക്ഷനായി.
മുൻ എംഎൽഎമാരായ ഡി. സുഗതൻ, എ.എ. ഷുക്കൂർ, എൻഎസ്യു ദേശീയ സെക്രട്ടറി എസ്. ശരത്, അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ.എൻ. ഹർഷകുമാർ, വൈസ് പ്രസിഡന്റുമാരായ പി. ഉണ്ണികൃഷ്ണൻ, ഇ.കെ. അലിമുഹമ്മദ്, സി. പ്രേമവല്ലി, ചവറ ജയകുമാർ, ബി. മോഹനചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പി.ആർ. പ്രകാശൻ, പി.എം. സുനിൽ എന്നിവർ പ്രസംഗിച്ചു.
വിളംബര ജാഥയോടെയാണു സമ്മേളനത്തിന് ആവേശോജ്വലമായ തുടക്കമായത്. തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കൊടിമര ജാഥയും കാസർഗോഡുനിന്ന് ആരംഭിച്ച പതാകജാഥയും കൊല്ലത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ജാഥയും നഗരചത്വരത്തിൽ സംഗമിച്ചു. തുടർന്നായിരുന്നു വിളംബര ജാഥ.