കോട്ടയം: കോട്ടയം ജില്ലയുടെ ജനകീയ കളക്്ടർ പി.കെ. സുധീർ ബാബു ഒൗദ്യോഗിക ജീവിതത്തിൽ നിന്നു വിരമിക്കുന്നു. കഴിഞ്ഞ 17 മാസങ്ങളായി ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയശേഷമാണ് പി.കെ. സുധീർ ബാബു 31ന് സർവീസിൽനിന്നു വിരമിക്കുന്നത്.
ജില്ലയുടെ 45-ാമത് കളക്ടറായി 2018 ഡിസംബർ 27 നാണ് കണ്ണൂർ ധർമ്മടം സ്വദേശിയായ സുധീർ ബാബു ചുമതലയേറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ചുള്ള രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ലൈഫ് ഭവന പദ്ധതി പൂർത്തികരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയിൽ നിർവഹിക്കാൻ കഴിഞ്ഞു.
ജില്ലയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതുമുതൽ രാപകൽ വ്യത്യാസമില്ലാതെ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ച ഇദ്ദേഹം മൂന്നാംഘട്ടത്തിൽ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്പോഴാണു കോട്ടയത്തുനിന്നു മടങ്ങുന്നത്.
സാമൂഹ്യനീതി വകുപ്പിൽ ജില്ലാ പ്രൊബേഷൻ ഓഫീസറായാണ് സുധീർ ബാബു സർവീസിൽ പ്രവേശിച്ചത്. സ്റ്റേറ്റ് അഡോപ്ഷൻ ഓഫീസർ, ബാലനീതി നടപടിക്രമങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ എന്നി പദവികൾ വഹിച്ചശേഷം ഡെപ്യൂട്ടി കളക്്ടറായി നിയമിതനായി. ഈ പദവിയിൽ കണ്ണൂർ, കാസർഗോഡ്, തൃശൂർ, കൊല്ലം ജില്ലകളിൽ സേവനമനുഷ്ഠിച്ചു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, തൃശൂർ ആർഡിഒ, കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിന്റെ ചുമതലയുള്ള സ്പെഷൽ ഓഫീസർ, പരിയാരം മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റർ, വികലാംഗ ക്ഷേമ കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, മൂന്നാർ സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
2016 മേയ് മുതൽ 2017 സെപ്റ്റംബർ വരെ മന്ത്രി കെ.കെ. ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പദവിയിലായിരുന്നു ആദ്യനിയമനം. ഇക്കാലയളവിൽ എൻട്രൻസ് പരീക്ഷാ കമ്മീഷണറുടെ അധിക ചുമതലയും വഹിച്ചു. തുടർന്നാണു കോട്ടയം കളക്ടറായി നിയമിതനായത്. സുബിതയാണ് ഭാര്യ. മക്കൾ: അർജുൻ, ആനന്ദ്.