ആലപ്പുഴ: കുട്ടികളിലെ കലാവാസന ഉണർത്തുന്നതിൽ നാടക ക്യാന്പുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചലച്ചിത്രതാരം സുധീർ കരമന. എസ്എൽപുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിൽ നടക്കുന്ന കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർഗ വസന്തം നാടകക്യാന്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തിയിലെ ശബ്ദനിയന്ത്രണം സാധ്യമാക്കുന്നതിൽ നാടകക്കളരികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും മേയ് മാസത്തിൽ സർക്കാർ നടത്താൻ പോകുന്ന ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ കുട്ടികൾക്ക് കലാപരമായ ഒരു വിരുന്ന് ആയിരിക്കുമെന്നും സുധീർ കരമന പറഞ്ഞു.
ചടങ്ങിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും ഇത്തരം ക്യാന്പുകളും, പരിപാടികളും സംഘടിപ്പിക്കുകയാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമെന്ന് പള്ളിയറ ശ്രീധരൻ പറഞ്ഞു.
ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ചിഞ്ചു പ്രകാശ് സ്വാഗതം ആശംസിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ നെടുമുടി ഹരികുമാർ, ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ, ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ എന്നിവർ പ്രസംഗിച്ചു.