തിരുവനന്തപുരം: പോലീസ് ഡ്രൈവറെ തല്ലിയ കേസിൽ ഡിജിപി റാങ്കിലുള്ള വിജിലൻസ് മേധാവി സുദേഷ്കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടും.
ഡിജിപിയുടെ മകൾക്കെതിരേയുള്ള കുറ്റം നിലനിൽക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം സമർപ്പിക്കാൻ നേരത്തേ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി തേടിയിരുന്നു.
ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ഡിജിപി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടാൻ ക്രൈംബ്രാഞ്ച് നടപടിയുമായി മുന്നോട്ടു പോകുന്നതെന്നാണു വിവരം.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടുത്ത ജൂണ്‍ 30നു വിരമിക്കുന്പോൾ ഇതേ സ്ഥാനത്തക്കു പരിഗണിക്കുന്നവരിൽ ഒരാളാണ് നിലവിൽ വിജിലൻസ് ഡയറക്ടറായ സുദേഷ്കുമാർ.
30 വർഷം സർവീസ് പൂർത്തിയാക്കിയ ഡിജിപി പദവിയിലുള്ളവരുടെ മൂന്നംഗ പാനലിനെയാകും, സംസ്ഥാന പോലീസ് മേധാവിയായി യുപിഎസ്സി ശിപാർശ ചെയ്യുക.
ഗുരുതര അച്ചടക്ക നടപടി നേരിടാത്തവരും മികച്ച ട്രാക്ക് റെക്കോർഡുള്ളവരുമാണ് ഈ പദവിയിൽ പരിഗണിക്കുക. നിലവിൽ 12 പേരടങ്ങുന്ന പട്ടിക സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയിരുന്നു.
പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ അച്ചടക്ക നടപടി അടക്കമുള്ള കോണ്‍ഫിഡൻഷ്യൽ (സിആർ) കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് യുപിഎസ്സിക്കു കൈമാറുക.
ഇവരുടെ സിആർ അടക്കമുള്ള എല്ലാ വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം (ഐബി) കേന്ദ്ര സർക്കാരിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് യുപിഎസ്സിക്കു കൈമാറുക.
മൂന്നു വർഷം മുൻപ് മ്യൂസിയത്തിൽ പ്രഭാത സവാരിക്ക് ഔദ്യോഗിക വാഹനത്തിലെത്തിയ സുദേഷ്കുമാറിന്റെ മകൾ, പോലീസ് ഡ്രൈവർ ഗാവസ്കറെ മർദിച്ചെന്നായിരുന്നു പരാതി. സുദേഷ്കുമാറിന്റെ ഔദ്യോഗിക വാഹനം കുടുംബാംഗങ്ങൾ ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഉയർന്നത്.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരിക്കെതിരേയുള്ള അനധികൃത സ്വത്ത് സന്പാദന കേസ് അന്തിമ തീരുമാനത്തിനായി സുദേഷ് കുമാർ തലവനായ വിജിലൻസിന്റെ പരിഗണനയിലാണ്.