കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കിൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സുധീഷിന്റെ നെഞ്ചിനും കൈത്തണ്ടയ്ക്കുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒന്പതിനാണ് സംഭവം.
സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം. അക്രമണത്തെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു.
കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതികളായ മയക്ക് മരുന്നു സംഘത്തെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യണമെന്നും കായംകുളം കൃഷ്ണപുരം മേഖല കേന്ദ്രമായുള്ള കഞ്ചാവ് മയക്ക് മരുന്ന് മാഫിയാ സംഘത്തെ അമർച്ച ചെയ്യണമെന്നും സീനിയർ ജേണലിസ്റ്റ്സ് കേരള ജില്ലാ പ്രസിഡന്റ് കളർകോട് ഹരികുമാർ, സെക്രട്ടറി എ.ഷൗക്കത്ത് എന്നിവരും ആവശ്യപ്പെട്ടു.
അന്വേഷണം ഉൗർജിതമാക്കി
കായംകുളം: കൃഷ്ണപുരത്ത് വീട് കയറി മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഡക്കാൻ ക്രോണിക്കിൾ ജില്ലാ ലേഖകൻ കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) ഇന്നലെ രാത്രി കുത്തേറ്റത്. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ ലഹരി വിൽപനക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.