കോട്ടയം: മയ്യഴിയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ കഥ പറഞ്ഞ എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ അന്‍പതാം പതിപ്പിൽ എത്തുന്പോൾ ആയിരം വ്യത്യസ്തമായ കവർചിത്രം വരച്ച് ഒരു ചിത്രകാരൻ. കവിയും ചിത്രകാരനുമായ സുധീഷ് കൊട്ടേന്പ്രമാണ് കവർ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തിലെ മികച്ച നോവലുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ 1974ൽ എസ്പിസിഎസാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1992 മുതൽ ഡിസിബുക്സ് ഏറ്റെടുത്തു.ഇത്രയധികം കവറുകൾ വരയ്ക്കാൻ തീരുമാനിച്ചപ്പോൾ വലിയ കൗതുകമാണ് മനസിലുണ്ടായിരുന്നതെന്ന് ചിത്രകാരൻ സുധീഷ് കൊട്ടേന്പ്രം പറഞ്ഞു.
ആദ്യമാദ്യം നോവലിലെ വസ്തുക്കളും സ്ഥലങ്ങളുമൊക്കെയാണു വരച്ചത്. ഏകദേശം 60 എണ്ണമായപ്പോഴേക്കും ആ രീതി അവസാനിപ്പിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ അവലംബിച്ചു വരച്ചു തുടങ്ങി. അത് 100 ചിത്രങ്ങളിലെത്തിയപ്പോഴേക്കും അവസാനിച്ചു. പിന്നീട്, ചിന്ത വേണ്ട എന്നു തീരുമാനിക്കുകയും ചിത്രീകരണം നടത്തുന്നതിലെ രീതികളിൽ സന്തോഷവും തൃപ്തിയും കണ്ടെത്താൻ ശ്രമിക്കുകയുമായിരുന്നുവെന്നും സുധീഷ് പറഞ്ഞു.
സാങ്കേതിക വിദ്യയെ വെല്ലുവിളിക്കാനായി എന്നതാണ് ഈ ദൗത്യംകൊണ്ടു സാധിച്ചതെന്നും സുധീഷ് പറഞ്ഞു. കംപ്യൂട്ടർ ഗ്രാഫിക്സുകൊണ്ട് ഒരിക്കലും സാധിക്കാത്ത കാര്യമാണ് 12 ദിവസം നീണ്ട മാരത്തൺ പ്രയത്നത്തിലൂടെ സാധിച്ചത്. ആദ്യ ദിവസങ്ങളിൽ 30 ചിത്രങ്ങളാണു വരയ്ക്കാനായത്. 150 ചിത്രങ്ങൾ വരച്ച ദിവസവുമുണ്ട്. ജലച്ചായം, അക്രിലിക്, ഇങ്ക് എന്നീ മൂന്നു രീതികളും പരീക്ഷിച്ചു.
ആയിരം ചിത്രങ്ങളിൽ എല്ലാം ഇഷ്ടമാണെന്നു പറയുന്നില്ല. പക്ഷേ, മാറ്റിവരയ്ക്കുകയെന്നതു സാധ്യമല്ല. മാറ്റിവരയ്ക്കാൻ ശ്രമിക്കുന്പോൾ അതു മറ്റൊരു സൃഷ്ടിയാവും. സുധീഷ് കൊട്ടേന്പ്രം പറഞ്ഞു നിർത്തി. കവികൂടിയായ സുധീഷ് ജെഎൻയുവിൽ വിഷ്വൽ ആർട്സിൽ ഗവേഷണ വിദ്യാർഥിയാണ്. ‘ശരീരസമേതം മറൈൻ ഡ്രൈ വിൽ’ കവിതാസമാഹാരവും സുധീഷിന്റേതായി പുറത്തുവന്നിട്ടുണ്ട്.